Monday, 27 November 2017

ഭോഗി



കണ്ണിലെ ഞരമ്പുകളോരോന്നും
ചുവപ്പിച്ച് ,കവിൾമണ്ണാകെ
കുഴച്ചു  കാത്തിരിപ്പുണ്ടൊരാൾ.

നീയേതു ഭൂഖണ്ഡത്തിലാവണം
സമയമിത്രമേൽ പതുക്കെ ചലിക്കാൻ,
മടക്കമിങ്ങനെ നീളാൻ ?

കൂടിക്കാഴ്ച്ചക്കനുവദിച്ച മുറിയിലാരും
നേരം ഇരുട്ടിയതറിഞ്ഞിരിക്കില്ല,വെളിച്ച-
മെത്തും മുൻപേ വന്നെത്തിയൊരാളെ നീയും.

മരങ്ങൾ മാത്രം തുണയുള്ളൊരു രാത്രിയിൽ
"വരും" എന്നൊരു വാക്കിന്റെ തണലിൽ, ഒരു
കള്ളത്തിലേക്ക് കണ്ണും നട്ടൊരു പെൺകുട്ടി.

മണിയടി നിലച്ച ആ ഫോൺ, നീ തല്ലിപ്പൊട്ടിച്ച
പരാതിപ്പെട്ടി.അലോസരപ്പെടുത്തുന്ന
ആവർത്തനങ്ങൾ അവസാനിക്കുകയാവണം.

നാം നരയ്ക്കും തോറും നിനക്കു രുചിയേറു-
മെന്നരയിൽ പച്ച കുത്തിയ നീ ,ഏദനിൽ ശൈത്യo
വരും മുൻപേ ബോധിവൃക്ഷം തേടിപ്പോയ നീ !





Friday, 10 November 2017

കലപില

നിന്റെ അക്ഷരങ്ങളിൽ
മധുരം കിനിയുന്നു.
നുകർന്നു മതിവരാത്ത
https://www.mojarto.com/artworks/?view_type=listing
അതിമധുരം.
ഉടലിനെ ത്രസിപ്പിക്കുന്ന
ലഹരിയും നീ തന്നെ !

എനിക്കുച്ചരിക്കാൻ ഭയമുള്ള
വാക്കുകൾ കൂടിയും
ഉറക്കെ പറയുന്ന നീ ,
ഞാനടച്ച വാതിലുകളൊക്കെ
തള്ളിത്തുറന്നെന്റെ നെഞ്ചിൽ
താളം ചവിട്ടുന്ന നീ.

തിരക്കുകളെന്നെ തിരയുമ്പോൾ
കാലം മുട്ടുകുത്തുമ്പോൾ 
സമയം ചെകുത്തനാകുന്ന
മാത്രയിൽ മാത്രം,
മടുക്കുന്നു,നിന്നെ മടുക്കുന്നു.
                                                                                                                                                                                                         
മൂളലുകളില്ലാതെ,
മറുപടികളില്ലാതെ നിന്റെ 
കലപിലകൾ ചത്തൊടുങ്ങുന്നു.
വിരസതയെന്നെ വിഴുങ്ങുന്നു
പെണ്ണേയെന്ന് ചുണ്ടിൽ
തൊടാതെ പറഞ്ഞതിൽ
പിന്നെയാണവളെ
കേൾക്കാതായത്.

Saturday, 15 April 2017

കഥ

http://indianexpress.com/article/lifestyle/sita-and-rama-tell-the-story-of-human-emotions-artist-neeta-singh/

തോരണങ്ങളുയരും മുൻപേ 
പന്തലിലേക്ക് നടന്നു കയറുക ,
ഞാൻ കടലായിരുന്നുവെന്നു 
കണ്ണിൽ നോക്കി പതിയെ പറയുക ,
സമ്മാനങ്ങളില്ലാതെ അസ്തമിക്കുക 
നീ സൂര്യനായിരുന്നു.

........................................................................

ആകാശ ഊഞ്ഞാലിലിരുന്നു 
ഞാൻ കണ്ണടയ്ക്കുന്നു,
നീ കൈപിടിക്കുന്നു,
വിയർപ്പുമണമുണങ്ങിയ നിന്റെ 
താടി കുടുകുടെ ചിരിക്കുന്നു ,
ശലഭങ്ങൾ നൃത്തമാടുന്നയെന്റെ   
അടിവയറ്റിൽ നീ കറുകറുത്ത 
അപ്പൂപ്പൻ താടികൾ പൊഴിക്കുന്നു

....................................................................... 

മാസങ്ങൾക്കപ്പുറത്തു നിന്നും 
നിന്റെ മുറിയിൽ നിന്നുയരുന്ന 
നിലയ്ക്കാത്ത പെൺചിരി,
കാതങ്ങൾക്കിപ്പുറത്തുള്ളയെന്റെ 
കാതിൽ അലയടിക്കുന്നു,
ഞാൻ കടലാകുന്നു. 

.......................................................................

അവൾ കാറ്റാകുന്നു,പറക്കുന്നു,
നീ പിന്നെയും ഉദിക്കുന്നു,
നിർത്താതെ പിറുപിറുക്കുന്നു ,
ഞാൻ കര തേടിയിറങ്ങുന്നു,
കാൽ പൊള്ളിയെന്നിലേക്ക് 
 മടങ്ങുന്നു.അതാ, 
നാം ചുട്ടു നനച്ച മണൽത്തരികൾ!


Wednesday, 5 April 2017

ആ വീട്




.






http://media-cache-ec0.pinimg.com/736x/9e/e1/a8/9ee1a8fd17e57b9848dda232f0b025f3.jpg

അകത്തളത്തിലിരുന്ന്
കാഴ്ച്ചയിലില്ലാത്തൊരു
കൈതക്കാട് സ്വപ്നം
കാണുന്നവൾക്ക് ഭ്രാന്തായിരിക്കണം.

ആ വീടിന്റെ തെക്കേയറ്റത്ത്
കാവിനും കവുങ്ങുകൾക്കുമപ്പുറം
കഴിഞ്ഞ വേനലിൽ ആയമ്മ
ചുട്ടെരിച്ച കൈതക്കാട്.

ഈ ഇടുങ്ങിയ മുറിയുടെ
ജനാലയ്ക്കൊരുമ്മ  കൊടുത്ത
ചാമ്പങ്ങാ മരത്തിന്റെ
കൈകളവൻ അറുത്തുവത്രേ,
ചേർത്തു പിടിക്കാതിരിക്കാനാകാം.

ഉമ്മറത്തിരുന്നു ഉറക്കെ ഭാഗവതം
ചൊല്ലുന്ന പഴയൊരു ചുവപ്പൻ
സ്വപ്നത്തിന് ഉറങ്ങാനാവണം
ചുമരോടു ചേർത്തിട്ട ചാരുകസേര.

കടലിരമ്പം കാതിലെത്തുന്ന
നടുമുറ്റത്തിരുന്നു കാറ്റ്
കടം കൊള്ളുന്നവളാണാ
മണലിൽ മുഖം മെനയുന്ന
കഥയില്ലാത്ത പെൺകുട്ടി.

തൊടിയിലെ പുല്ലരിയുന്ന
പെണ്ണുങ്ങളാണെന്റെ കാതിൽ
സൊറ പറഞ്ഞാ മണ്ണിന്റെ
പച്ചപ്പുരുക്കി ഒഴിച്ചത്.

ചാറ്റൽ മഴ ചിലയ്ക്കുന്നയാ
കരിങ്കൽ കോട്ടയിലേക്ക്
എത്ര വട്ടമെന്റെ വരികൾ
വെറുതെ വന്നെത്തി-
നോക്കി പോയിരിക്കുന്നു.

തിരികെ പോകാനാവാത്ത വിധം
ഇറങ്ങിപ്പോരണമെന്നാണെനിക്ക്.
കയറിച്ചെല്ലാത്തൊരു മുറ്റത്തുനിന്നു
ഞാനെങ്ങനെ മടങ്ങിപ്പോരാനാണ്? 

Friday, 24 February 2017

പേരിറങ്ങിപ്പോവുമ്പോൾ...


                             http://www.indianartbuyers.com/art-work.php?id=856

പേരിറങ്ങിപ്പോവുമ്പോൾ വറ്റുന്ന
സ്നേഹത്തിന്റെ ഉറവകളെക്കുറിച്ചാണ്...

കുമ്പസാരിക്കാനൊരു കവിത
പോലുമില്ലാതെ വെറുതെയിരിക്കുമ്പോൾ,

ആകാശം നിറയെ
നാം നഗരം കീഴടക്കിയ രാത്രികളാണ്.

ബുദ്ധന്റെ കണ്ണിലേക്കെറിഞ്ഞു
തീർത്ത കല്ലുവെച്ച നുണകൾ,

ഒരു ജലാശയത്തിന്റെ അറ്റത്തേക്ക്
നിഴൽ പോലെ നീണ്ട അടക്കം പറച്ചിലുകൾ,

തീവണ്ടിക്കാറ്റേറ്റ് തണുത്ത
ചില കാപ്പിച്ചിരികൾ,

ഒഴിഞ്ഞ പീലികളിൽ
നീട്ടിയെഴുതിയ കണ്ണെഴുത്തുകൾ,

വാടാനിഷ്ടമില്ലാത്തയെന്റെ
നെറ്റിയിലെ ചുവന്ന ചെമ്പരത്തി,

മുടിക്കെട്ടുലയും വരെ
കണ്ണടച്ച നാലു ചുവരുകൾ,

ഒരു കെട്ടുകഥയുടെ വിശുദ്ധബലിക്ക്
കാവൽ നിന്ന കൽപ്രതിമകൾ,

തിരക്കിട്ട് തിരിച്ചു നടക്കുന്ന
പഴയ രാമുറിയാകെ മതിലുകൾ,
പ്രിയമുള്ളൊരു പേരിറങ്ങിപ്പോയ
അവസാനമില്ലാത്ത വഴിയുടെയറ്റത്തും
വേലിപ്പടർപ്പുകൾ, കാലം!