Monday 19 February 2018

ചിതറിപ്പോയവരെക്കുറിച്ചാണ്...

ഓരോ മുറിവിലും
മൂർച്ചയുള്ള കത്തി
കുത്തിയിറക്കി
ആഴം അളന്നൊരാൾ,
ഹൃദയത്തെ നെടുകെ
പിളർന്നു പച്ചമരുന്ന്
തേടിപ്പോയ വൈദ്യൻ.

മൂക്ക്‌ ചെത്തി മിനുക്കി
വഴുതിപ്പോയ ഉളി കൊണ്ട്
കണ്ണ് ചൂഴ്ന്നെടുത്ത് കാഴ്ച്ച
കൊള്ളയടിച്ച ശില്പി.

ചിലങ്കകെട്ടിയാടി പദം
തെറ്റും വരെ കാലിൽ
മുറുകാതെ കുരുക്കിടാതെ
വൃണം പൊട്ടിയൊലിക്കാതെ
കാത്തുവച്ച ചങ്ങലകൾ.


പാതിയിലൊളുപ്പിച്ച ചിരികൾ
കൂടിയും പരതിയെടുത്ത്
എരിച്ചു കളഞ്ഞു ,
ശോഷിച്ചോരു കടൽ
നെഞ്ചിലിറക്കിത്തന്നു
മറഞ്ഞ സഞ്ചാരി.

ഉടുത്തുകെട്ടഴിഞ്ഞു വീണപ്പോൾ
കഥയുറങ്ങിപ്പോയൊരു
അരങ്ങിലെ പടുകൂറ്റൻ
ഏകാന്തത.


കാണികളിറങ്ങിപോയ
താളം നിലച്ച
ഓരോ  പറമ്പിന്റെയറ്റത്തും
നിഴലില്ലാത്ത ഇരുട്ടിൽ
മുടിയഴിച്ചിട്ടൊരു ആൽച്ചുവട്ടിൽ
പലതരം ഭ്രാന്ത്  വിൽക്കാൻ
ഒരോരോ പെണ്ണുങ്ങളിരുപ്പുണ്ട്.