Thursday, 27 February 2014

കാഴ്ച്ച

കാടിറങ്ങിയാലൊരു
പുഴ കാണാം.

പുഴയ്ക്കക്കരെ
നിന്നെയും.

നിനക്കുമപ്പുറം,
അറിയില്ല.

കാഴ്ച്ചയിനിയും
തെളിയേണ്ടിയിരിക്കുന്നു.

Sunday, 9 February 2014

മൂന്നാമതൊരാൾ

കണ്ണാടി :
കണ്ണോട് കണ്‍
കോർക്കവേ
ഒളികണ്ണിടും
മുക്കണ്ണൻ.

മാറ്റൊലി :
ശൂന്യതയുടെ
ശബ്ദത്തെ
മന്ത്രമാക്കും
മായികന്‍.

കവി :
വിരലറിയാതെ
വാക്കിന്റെ
നഗ്നതയളന്ന
ജാരൻ.
Wednesday, 5 February 2014

???

ഞാൻ നിന്‍റെ
മഴയല്ലെങ്കിൽ,
നീയെന്തിനെന്‍റെ
കടലാവുന്നു?

നിന്‍റെ കാറ്റിന്‍റെ
കൈകളെന്‍റെ
ഇലകളെയെന്തേ
തിരയുന്നു?

ഞാൻ തൂവൽ
പൊഴിക്കുമ്പോൾ
നിൻ ആകാശമെന്തേ
നിറമണിയുന്നു?

നിന്‍റെ തൂലിക
തുമ്പിലെന്‍റെ
ജീവിതമെങ്ങനെ
നീയെഴുതുന്നു?

അടുക്കും തോറും
വരികളിലെന്നും
വെറുതെയെന്തേ
അകലമേറുന്നു?

നീളമുള്ളയെന്‍റെ
ചോദ്യമെങ്ങനെ
നിന്‍റെ മെലിഞ്ഞ
ഉത്തരമാവുന്നു?

അറിയില്ല,
ഇനി നീയില്ല,
ഒരുപക്ഷേ  ഞാനും.

Tuesday, 4 February 2014

വിധിന്യായം

വിശപ്പിന്റെ വിളി കേട്ട്
വീട് വിട്ടിറങ്ങി.

വഴികാട്ടികളുടെ വിരൽ
പിടിച്ചു വഴി പിഴച്ചു.

ആരാന്റെ ആശകൾക്കായ്
അവൾ വേശ്യയായി.

വമ്പന്മാർ വില പേശവേ,
വിലയേറി വന്നു.
വിലയിടിഞ്ഞു പോയത്
മനസ്സിന്റെ മാത്രം.

മോചനത്തിന്റെ കവാടം
കാക്കിയിട്ടവർ തുറന്നു.
അവൾക്കു വേണ്ടി മാത്രമല്ല,
പലർക്ക് വേണ്ടിയും.

മുഖങ്ങളല്ല മുറിപ്പാടുകളാണ്
മേലാകെ നിറഞ്ഞത്.

പേരുകളൊന്നും ഓർമ്മയില്ല
പീഡകൾ മറക്കാനും വയ്യ.

ഇത്രയധികം പേർക്ക് നേരെ
ചൂണ്ടാൻ വിരലുകളില്ല.

വിചാരണയ്ക്കിടെ  ചിലർ
വാക്കിനാൽ ഭോഗിച്ചു.
ആൾക്കൂട്ടം കണ്ണ് കൊണ്ട്
പലകുറി വ്യഭിചരിച്ചു.

വർഷങ്ങളുടെ ബലാൽസംഗം,
ഒടുവിൽ "വിധിന്യായം".
പെണ്ണിനെ വിറ്റ് മുടിച്ചവർക്ക്
വിലങ്ങുകളില്ല,വിലക്കുകളും.

പണയപ്പെടുന്ന ശരീരങ്ങളുടെ
വിധിയാണവർ വിധിച്ചത്.

വിതുരയിലും വഴിയോരത്തും
വില പിടിച്ചയേറെ വസ്തുക്കൾ
വിധി കാത്തിനിയും കിടക്കും.

Saturday, 1 February 2014

ഇത്ര മാത്രം

രാത്രിയൊരിക്കൽ കുടിച്ചു
വറ്റിച്ച വികാരസാഗരം,

നിലാവത്തിറുത്ത് മാറ്റിയ
ആകാശവനിയിലെ പൂക്കൾ,

മോഹങ്ങൾ അന്തിയുറങ്ങുന്ന
മഴ മരിച്ച മേഘപ്പാടങ്ങൾ,

വെളിച്ചം വെട്ടിമാറ്റിയിട്ട
ഇരുട്ടിന്റെ നിഴൽമരങ്ങൾ,

നിശബ്ദതയുടെ ചങ്ങലയിൽ
പൂട്ടിയിട്ട ഭ്രാന്തൻ ചിന്തകൾ,

ദിക്കറിയാത്ത സഞ്ചാരിയുടെ
പേരിടാനാവാത്ത സ്വപ്നങ്ങൾ,

ഭൂമിയുടെ മതിൽക്കെട്ടിനകത്ത്
അവശേഷിക്കുന്നതിത്ര മാത്രം.

ഒരു പ്രളയത്തിനുമൊരിക്കലും
വിഴുങ്ങാനാവാത്ത പകലുകൾ.