Tuesday 11 December 2018

ഒറ്റ

https://homegrown.co.in/article/47204/20-young-indian-artists-you-need-to-follow-on-instagram


ഇല്ലാത്തൊരു പ്രേമത്തെക്കുറിച്ച് 

കവിതയെഴുതുകയാണ്. 

ഒരിക്കലും ഒന്നിച്ചു 

             കണ്ടിട്ടില്ലാത്ത തിരകളെക്കുറിച്ച്,                   

എന്റെയും നിന്റെയും കാൽപാടുകൾ 

സ്വന്തമാക്കാത്ത  നിളയെക്കുറിച്ച്, 

കാതടപ്പിക്കുന്നൊരു സ്വപ്നത്തിൽ 

നാം ചീറിപ്പാഞ്ഞു കയറിയ മലകളെക്കുറിച്ച് ,  

ഉമ്മകളുടെ പോലും നനവറിയാതെ  

കാതിൽ പിറന്നു വീണ നമ്മുടെ 

പെൺകുട്ടികളുടെ പേരുകളെക്കുറിച്ച്, 

അടുത്തിരുന്നു ഒരു ചുടുകാപ്പി 

പോലുമാകാതെ പോയ

ഓരോ പനിയെ കുറിച്ചും.



***

ഒരിടത്തൊരിടത്ത് 

ഒരു വീടൊരാളെ കാത്തിരിക്കുന്നുവെന്ന 

പരസ്യമുണ്ടായിരുന്നു.

അവിടെ 'നിനക്ക് പാർക്കാൻ മുറികളില്ല'

എന്നെഴുതാൻ മറന്നൊരു ബോർഡും.

***

അവകാശികൾ ഇല്ലാത്തൊരു 

പ്രേമത്തിന്റെ തെളിവുകൾ

ഒരുവൾ ഒറ്റയ്ക്ക് നിരത്തിക്കൊണ്ടിരിക്കുന്നു.

Sunday 21 October 2018

ഇല്ലാത്തത്...

                                                 http://yolar.cinetonic.co/abstract-woman/
ഭ്രാന്താകുമോയെന്ന്
പേടി തോന്നണുണ്ട്.
ഒരാളെ എത്രയും
ഒളിപ്പിക്കാമോ,അത്രയും.
ഒരു കഥ
പോലുമാവാതെ
നമ്മളിങ്ങനെ...
ഇല്ല, ഞാൻ മാത്രം
ഉള്ളുവെന്നാണ്...
നീയൊരു
നുണ പോലുമല്ലത്രേ!
എന്റെ കവിതയിലെ
ഒരു വാക്കും കൊണ്ട്
മാംസശാലകളിലേക്ക്
പുറപ്പെട്ടു പോയ
നീ...

Monday 16 April 2018

അപഥസഞ്ചാരം


https://www.artzolo.com/painting/indian-woman-2?id=21514

മുഖം കറുപ്പിച്ചിട്ടും കവിളിലേക്ക് 
പടർന്നു കയറുന്നൊരു ചിരി,
കൺപീലിയോളം നീളമുള്ളത്.


കൃഷ്ണമണിയോളം പോന്ന
ഒരു കറുത്ത പൊട്ട്,
നിന്നെ മാത്രം കാണുന്നത്.

കാറ്റിൽ നിന്റെ കൈക്കുമ്പിളിലെ
ആകാശം തേടിപ്പറക്കുന്ന മുടിപ്പട്ടങ്ങൾ.

നിന്റെ ഉമ്മകൾ പോലൊരു പുതപ്പ്,
പതുപതുത്തത്, കഴുത്തിനെ ചുവപ്പിച്ചത്.


വസന്തം വന്നു കേറാത്ത

ഉടുപ്പുകൾക്കുള്ളിലെന്നും 
പൂക്കുന്നൊരു ഉടൽമരം. 
ചില്ലകളും പൂക്കളുമുള്ളത്,
കായ്ക്കനികൾ കണ്ടെടുക്കാനാകാത്തത്

ഇലയനക്കങ്ങളിൽ പോലും 
നിന്നെ മൂളുന്നത്.
നിശ്ശബ്ദതയിലും നീയാകുന്നത്.

പാദങ്ങളുടെ കണക്ക് തെറ്റിച്ച്
ദൂരങ്ങളിലേക്കും കാലങ്ങളിലേക്കും
നിന്നെ തേടി ഇറങ്ങി പോകുന്നവൾ,
വേരുകളെക്കുറിച്ച് നിനക്കൊരു
ചുക്കും അറിയില്ല,
പ്രണയത്തിലകപ്പെട്ട പെണ്ണിനെക്കുറിച്ചും.




Monday 19 February 2018

ചിതറിപ്പോയവരെക്കുറിച്ചാണ്...

ഓരോ മുറിവിലും
മൂർച്ചയുള്ള കത്തി
കുത്തിയിറക്കി
ആഴം അളന്നൊരാൾ,
ഹൃദയത്തെ നെടുകെ
പിളർന്നു പച്ചമരുന്ന്
തേടിപ്പോയ വൈദ്യൻ.

മൂക്ക്‌ ചെത്തി മിനുക്കി
വഴുതിപ്പോയ ഉളി കൊണ്ട്
കണ്ണ് ചൂഴ്ന്നെടുത്ത് കാഴ്ച്ച
കൊള്ളയടിച്ച ശില്പി.

ചിലങ്കകെട്ടിയാടി പദം
തെറ്റും വരെ കാലിൽ
മുറുകാതെ കുരുക്കിടാതെ
വൃണം പൊട്ടിയൊലിക്കാതെ
കാത്തുവച്ച ചങ്ങലകൾ.


പാതിയിലൊളുപ്പിച്ച ചിരികൾ
കൂടിയും പരതിയെടുത്ത്
എരിച്ചു കളഞ്ഞു ,
ശോഷിച്ചോരു കടൽ
നെഞ്ചിലിറക്കിത്തന്നു
മറഞ്ഞ സഞ്ചാരി.

ഉടുത്തുകെട്ടഴിഞ്ഞു വീണപ്പോൾ
കഥയുറങ്ങിപ്പോയൊരു
അരങ്ങിലെ പടുകൂറ്റൻ
ഏകാന്തത.


കാണികളിറങ്ങിപോയ
താളം നിലച്ച
ഓരോ  പറമ്പിന്റെയറ്റത്തും
നിഴലില്ലാത്ത ഇരുട്ടിൽ
മുടിയഴിച്ചിട്ടൊരു ആൽച്ചുവട്ടിൽ
പലതരം ഭ്രാന്ത്  വിൽക്കാൻ
ഒരോരോ പെണ്ണുങ്ങളിരുപ്പുണ്ട്.