Saturday 21 February 2015

പെരുമാൾ മുരുകൻ














പുസ്തകം കാണ്മാനില്ല.പേന ഒളിവിലാണ്,
ഏതു നിമിഷവും വായിക്കപ്പെട്ടേക്കാം!

Wednesday 4 February 2015

ഉച്ചാടനം



ഞാൻ നെറ്റിയിൽ ചോരപ്പൂ ചൂടുന്നു, 
നീ ഉൾച്ചൂടുള്ള ഉമ്മകൾ കൊണ്ടതിനെ, 
ഉലച്ചു കളയുമെന്ന് കരുതി തന്നെ!

കറുത്ത നാഗങ്ങളെ മുടിക്കെട്ടഴിച്ച് വിടുന്നു,  
നിൻറെ വിരൽവീണയുടെ  താളത്തിലവ
ആടുമെന്നു അറിഞ്ഞു തന്നെ! 

സുഗന്ധം വിരിച്ച് ഞാൻ മനം മറയ്ക്കുന്നു,    
നാസാഗ്രത്തിൽ നിന്നും നിൻ നെഞ്ചിലേക്കുള്ള 
നടപ്പാതയുടെ നീളമളന്നു തന്നെ! 

നാഭിച്ചുഴിയിൽ പ്രേമതീർത്ഥം നിറയ്ക്കുന്നു,
നിന്റെ ദൃഷ്ടി സൂര്യന്റെ താപമേറ്റെന്റെ 
രോമകൂപങ്ങൾക്ക് പൊള്ളുന്നതോർത്തു തന്നെ!

കാൽച്ചിലമ്പിട്ട് ഞാൻ കളം മായ്ക്കുന്നു,
നിന്റെ പദങ്ങളെന്റെ പുറപ്പാടിനെ 
പുലഭ്യം പറയുമെന്നതിനാൽ തന്നെ!

നിറങ്ങളുടുത്തുക്കെട്ടി ഞാൻ കാവ് തേടുന്നു,
ഉറഞ്ഞുത്തുള്ളിയെത്തുമെന്നെ ഉപചാപത്താൽ 
നീ കല്ലിൽ കുടിയിരുത്തുമെന്നുറപ്പിച്ചു തന്നെ!

കടപ്പാട്: 

കൈവെള്ളയിൽ  സുഗന്ധം നിറച്ചു തന്ന സുഹൃത്തിനോട്,
കടുത്ത ചായക്കൂട്ടുകൾ കണ്ണിൽ നിറച്ച നക്ഷത്രത്തോട്,
സൂര്യനെ കടം തന്ന കവിയോട്,
നർത്തകിയെ ദേവിയാക്കിയ ലേഖികയോട്,
ഉറക്കത്തിൽ വിളിച്ചുണർത്തിയ ദ്വീപിന്റെ  കഥാകാരനോട്,
പിന്നെ പിറന്നാളിന് ഒരുമ്മ പോലും ഉണ്ണാതെ പോയ നിന്നോടും.