Sunday 10 November 2019

ചുവപ്പൂറ്റുന്നോർ

അയക്കാത്തത് കൊണ്ട് മാത്രം
ഡ്രാഫ്റ്റിലിട്ട മെയിലുകളുണ്ടല്ലോ
അതപ്പടി ഒരു ഞാനാണ് .

കണ്ണിൽപ്പെടാനിടയില്ലാത്ത
നനവ് പറ്റിയ കീബോർഡ്,

ഓരോ കരച്ചിലിന്റെ അറ്റത്തും
തൂങ്ങിയാടുന്ന കവിതകൾ,

ഇടറിയതിനു ശേഷം
ഉള്ളില്കപ്പെട്ടു പോയ മറുപടികൾ,

മൂളലുകൾക്കും മുരൾച്ചകൾക്കു-
മിടയിൽ കെട്ടുപിണഞ്ഞ ഹെഡ്ഫോൺ,

ഇനിയും ഉടുക്കാത്തൊരോർമ്മയിൽ
നീലിച്ചു പോയ രണ്ട് സാരികൾ,
അലമാരയുടെ മുകൾത്തട്ടിലുള്ളത്.

പേര് മാത്രം പരതിയെത്തുന്ന
പുസ്തകങ്ങൾ , ബാഗുകൾ
പൊലിപ്പിച്ച പിൻവിളികൾ.

ഇരുട്ടതിന്റെ ഇരയെ
തേടാത്തൊരു ദിവസം
നുരഞ്ഞു പൊന്തിയ ഗ്ലാസ്സുകളിൽ
ചോര കനക്കുമ്പോൾ
നീയറിയാൻ വഴിയില്ല,
ഞാനുണ്ടല്ലോ, ഞാനുണ്ടായിരുന്നു.






Tuesday 23 July 2019

ചായക്കൂട്ട്


ആവി പാറുന്ന
സമോവറിന്റെ
പുറകിലൂടെത്തുന്ന
നിന്റെ നീണ്ട  നോട്ടം
കൊണ്ടവസാനിക്കുന്ന
രാത്രികളിൽ മാത്രം
തല മൂടി ഉറങ്ങുകയും
പുലർച്ചെ നീയുറങ്ങും
മുൻപേ ചുവന്നയുടുപ്പിട്ട്
വെയിലും തേടി പോകുന്ന
അവളുണ്ടല്ലോ ,
ആൾത്തിരക്കുള്ള
വരാന്തകളിൽ
ചുമരാകുന്നവൾ.
ഒരു തീന്മേശയുടെയറ്റത്തും
നീയില്ലെന്നു സങ്കല്പിച്ചു
കണ്ണടച്ചുണ്ണുന്നവൾ.
ഇടയ്ക്കിടെ  
ഊതികുടിക്കുന്ന
ഒരൊറ്റ ചായ പോലും
പകരാതെ
ഒരേ മരത്തണലിലെന്നും
വെയിലാറി വീഴുന്ന
നിന്റെ ഇടനേരങ്ങളുടെ
നിർവചനവുമവളാകാം.

Sunday 30 June 2019

വെള്ളം തൊടാതെ ഓർമ്മിക്കേണ്ടത്...

ദൂരങ്ങളത്രയുമൊരു തീവണ്ടി
പാളത്തിന്റെ അറ്റത്താണെന്നും
ഒന്നിച്ചു നടക്കുവോളം
നാമൊരു വീടാണെന്നും
വിലാസമില്ലാത്തൊരു കത്തിൽ
നീ പറഞ്ഞിരുന്നല്ലോ!





https://www.saatchiart.com/paintings/train?page=3&hitsPerPage=100



Sunday 21 April 2019

ത്രിമാനം

https://www.fizdi.com/cherishing-handpainted-art-painting-24in-x-32in/
ഒരാളുടെ ഓർമ്മയിലൊരു
വസന്തം മാത്രമേയുള്ളുവെന്നിരിക്കെ,
കറുപ്പൊഴുകുന്ന ഓടകളിൽ
കാൽ വഴുതിയതും
ചോരമൂടിയ എല്ലിൻ കഷ്ണങ്ങൾ
വാരിയെടുക്കവേ മനം പിരട്ടിയെന്നും
കാഞ്ഞിരക്കയ്പ്പുള്ള ലിപ്സ്റ്റിക്കിൽ
വാ കനച്ചുവെന്നും
ഓരോ ഉടുപ്പിലും ശീമക്കൊന്നയുടെ
പച്ചില മണത്തുവെന്നും
വെളിച്ചം കൊണ്ടളന്ന
ദിവസങ്ങൾക്കുള്ളിൽ  നാഴികകളും
നിമിഷങ്ങളുമുണ്ടായിരുന്നെന്നും
മറ്റൊരാൾ ഓർത്തെടുക്കുമ്പോൾ
കാലത്തിന്റെയോരോരോ കൈകളിലും 
രണ്ടു രണ്ടു ചിത്രങ്ങളുണ്ടായിരുന്നിരിക്കണം.

Tuesday 12 February 2019

ചില തീവണ്ടികൾ

രാത്രി മാത്രം തീവണ്ടികളുടെ ശബ്ദം

കാതിലെത്തിക്കുന്ന ജനാലയോട്

ചേർന്നായിരിക്കും ഞാനിരിക്കുക.


പതിവ് പോലെ ഒരു ദുഃസ്വപ്നത്തിന്റെയും

കൈ തട്ടിയല്ല ഞാനുണർന്നിരിക്കുക.

ഇല്ല, ഇന്നൊരു ചൂളം വിളിയും

എന്നെ തൊടാതെ കടന്നു പോകില്ല.

ഇന്നും മലബാർ എക്സ്പ്രസ്സ്‌

ഇതു വഴി കടന്നു പോകും.

ബാക്ക്പാക്കിന്റെ ഭാരമില്ലാതെ

കൈയ്യിലൊരു തൂവാല പോലും

കരുതാതെ വന്നിറങ്ങുന്ന

നിന്നെയെനിക്ക് സങ്കല്പിക്കാനാകും.


ബീറ്റാഡൈൻ* മണക്കുന്ന പാദങ്ങളിൽ

ഒരേയൊരു പ്രഭാതത്തിൽ മാത്രം 

ചുംബിക്കുവാനായി

ഉറക്കത്തെ വിറ്റു തുലച്ച നീ...

---

കണ്ണടയ്ക്കിടയിൽ കുടുങ്ങി പോകുന്ന

പുരികക്കൊടികൾ ഞാനന്ന് 

പുലർച്ചെ നീട്ടിയെഴുതിയിരിക്കും.

ഞാനെന്റെ പൊട്ടിലേക്കുള്ള

വഴി വരച്ചിടുകയാണ്.

ദൂരക്കാഴ്ചയിൽ ഒരു ചുവപ്പ്

മാത്രമേ നിന്റെ കണ്ണിൽ

പതിയാനിടയുള്ളു...

----

ആശുപത്രി വരാന്തയിൽ

പേരില്ലാത്ത വ്യാധികൾ

മുഖത്തെഴുതി വെച്ച നിന്നെ

കാണുമ്പോളെനിക്ക് ചിരി പൊട്ടും.

ഒരു ചീട്ടും എടുക്കാതെ

രണ്ടാം നമ്പറുകാരനും അഞ്ചാമത്തവനും

ഇടയിലിരിക്കുന്ന നിനക്ക് മുന്നിലൂടെ 

ഞാനവർക്കൊപ്പം കടന്ന് പോകും.


എന്റെ കവിതകളുടെ കണക്ക് തെറ്റിച്ചു

എന്റെ കാൽവെള്ളയിൽ നോക്കി

നെടുവീർപ്പിടുന്നൊരു വിഷാദി

മാത്രമാകും നീയന്നേരം.

----

കിട്ടാത്ത ഉമ്മകളെ തട്ടിപ്പറിക്കാൻ

അപായച്ചങ്ങല വലിക്കണമെന്നുണ്ടെനിക്ക്.

പക്ഷേ, നിന്നെയും കൊണ്ട്

അന്നത്തെ പാസഞ്ചറും
  
പോയ്‌ കഴിഞ്ഞല്ലോ...