Sunday, 18 December 2016

മഴമരം *

കൊടുങ്കാറ്റ് കൊയ്തിട്ട്
ആണ്ട് തികയുന്നൊരു-
ഉച്ചയ്ക്കെന്റെ അടിവയറ്റി-
ലൊരുമ്മ മരം പൂക്കുന്നു.

പെരുവിരലോളം നീളുന്ന
കുളിർ വേരോർമ്മകൾ!
കാറ്റിലുലയുന്നതും
കാറ്റാകുന്നതും ഉടൽ;
നഖക്ഷതങ്ങളല്ല
നഖങ്ങളാഴ്ന്ന കഥകൾ,
മഴ മണക്കുന്നയെന്റെ
മുടിത്തുമ്പിൽ തണൽ
തേടുന്ന നിന്റെയാ
നീല വിരൽപ്പക്ഷികൾ,
ചുണ്ടിൽ നിന്നും
ചുണ്ടിലേക്ക് ചേക്കേറുന്ന
ചുംബനവള്ളികൾ.

കാത്തിരിപ്പെഴുതിയ
കണ്ണുകളിലേക്കൊരു
കടന്നുവരവ്...
കാറ്റു വിതച്ച്
കൊടുങ്കാറ്റു കൊയ്തിട്ടു,
ഓർമ്മ വഴിയുടെ
അറ്റത്തേക്കൊരു
ഇറങ്ങിപ്പോക്ക്...

ആകാശം കാണാത്ത-
യെന്റെ ചില്ലകളിലിന്നും 
നിന്റെ ഉമ്മമണം!*Rain tree

Monday, 12 September 2016

ചായം തേച്ച നുണകൾ

നഗരത്തിന്റെയറ്റത്ത്
വെളുത്തപാളികൾക്കിടയിൽ
തിരുകിവച്ച പച്ച ജനൽ ചില്ലിലേക്ക്
കണ്ണെറിഞ്ഞു ഞാൻ ആകാശമളക്കുന്നു.

എനിക്കറിയാം,മേഘങ്ങളുടെ
അതിരിലാണ് നിന്റെ വയലറ്റ്
വിളക്കെരിയുന്ന മുറി,
എന്റെ മുടിയിഴകളിലലയുന്ന
കുന്തിരിക്കo പുകയുന്നതുമവിടെയാണ്.

നീണ്ട മഴവിരലുകൾ മണ്ണിനെ
തിരയുമ്പോൾ, നീ കൈ നീട്ടുക.
നിന്റെ കടൽനീല ഞരമ്പിലെ
തിരകളെണ്ണിയെന്റെ ചുണ്ടുകൾ
തിണർക്കും വരെ...

ചുവരുകളഴിഞ്ഞ ഉടലുകളിൽ
നീ ചുവപ്പ് തുപ്പുക , ഇരുട്ടിൽ
കത്തിയാളുന്ന കടലാസറകളെ
കറുപ്പ് വിഴുങ്ങും മുൻപെനിക്കു
വെള്ള പൂശേണ്ടതുണ്ട്!
                                                           
'എന്റെ പേനത്തുമ്പിലാകെ
വിരിയുന്നതത്രയും നീ നട്ടു വളർത്തിയ
വിഷാദത്തിന്റെ മഞ്ഞമന്ദാരപ്പൂക്കൾ.
കവിത ഒരു പെണ്ണിനെ തേടുകയാണ്,
വർണ്ണങ്ങളുടെ വടിവുകൾക്കിടയിൽ!'

 

Picture courtesy : http://www.indiaart.com/emerging-artists/Snehalata-                                                                                                Gobbur/Snehalata-Gobbur-figurative.a

 

Friday, 2 September 2016

ഉടലാളി

പേര് കൊണ്ട്
ലോഹങ്ങൾ  കൊണ്ട്
നിറങ്ങൾ കൊണ്ട്
നീയെന്തിനെന്റെ ഉടലിൽ
നിന്നെ കൊത്തിവെയ്ക്കുന്നു?

Wednesday, 3 August 2016

ഓർമ്മയെഴുത്ത്

ഒരു ചരടിനും മുറിച്ചിടാനാവാത്തവിധം
നീയിപ്പോഴുമെന്റെ മുടിയിഴകളിൽ
കുരുങ്ങിക്കിടപ്പുണ്ട്.
അഴിച്ചിട്ട കൊലുസ്സിലെവിടെയോ
ഒരു ചിരി  മാത്രമിന്നും
ചിരിക്കാതെയിരിപ്പുണ്ട്.
കറുപ്പണിയാത്ത കണ്ണുകളിൽ
നിന്റെയുള്ളിലെ കടൽ
വറ്റിയ നനവ്,
ഇറുത്തിട്ടുമിറുത്തിട്ടുമെന്നും
വിരിയുന്നൊരു ചെമ്പൂവുണ്ടെന്റെ
നെറ്റിയിൽ,
നിറങ്ങളുറങ്ങിയ ചുണ്ടുകൾക്കിടയി-
ലെന്നെ കുറിച്ചിടുന്നൊരു
വെളുത്ത കടലാസ്സ്,
ഞാൻ എഴുതുകയാണ്,
എത്രയേറെ പെയ്തിട്ടും
നനവറിയാത്ത രോമകൂപങ്ങളിൽ
വിരലോടിച്ച്,
നിന്നെക്കുറിച്ച്...

  

Friday, 12 February 2016

വെറുതെ


http://fineartamerica.com/featured/girl-in-the-sunset-painting-zoh-beny.html

ജീവിതസായാഹ്നമല്ല കടം ചോദിച്ചത്
ഒരു സായംസന്ധ്യ മാത്രമാണ്...
സിന്ധൂരമണിയാനല്ല,
അന്തിചോപ്പേറ്റു വാങ്ങാനാണ്‌
നെറുകപ്പൂ നീട്ടി നിന്നതും.

Sunday, 7 February 2016

അരങ്ങൊഴിഞ്ഞ കവിതകൾഞാൻ അവധി ദിനങ്ങളുടെ
ആലസ്യം പൂണ്ട നാഴികകളിൽ
മുടിയഴിചിട്ട് മേഘങ്ങളിലേക്ക്
കണ്ണയക്കുമായിരുന്നു,
മമ മോഹങ്ങളുടെ
മഴ നനയുമായിരുന്നു,
കഥകളെ കാണുന്ന
കണ്ണാടിയാകുമായിരുന്നു,
മുറിയിലെന്നോട് ചേർന്നിരുന്നു
ഗസൽ മൂളുമായിരുന്നു,
ഒരു കോപ്പ കാപ്പി കൊണ്ട്  ചുണ്ടുകളെ
ചുംബിച്ചുണർത്തുമായിരുന്നു,
പൊട്ടു തൊടാതെ കണ്ണെഴുതാതെ ചായ-
മണിയാതെ കവിതയാകുമായിരുന്നു .

ഇന്നിതെത്ര  നാളായിരിക്കുന്നെന്റെ
നേരംപൊക്കുകളീവഴി വന്നിട്ട്!

ആ തെരുവിലെ ചുവരുകളിൽ
ഇരുട്ടിന്റെ ചരിത്രമെഴുതുന്ന പെണ്ണും,
നാണക്കേടിൽ തൂങ്ങിയാടിയ കറുത്ത
സ്വപ്നങ്ങളുമെന്നോട്  ചോദിച്ചിരുന്നു,
നിനക്കെന്റെ ശബ്ദമാകാമോ?

ഞാനുറങ്ങുകയായിരുന്നു തിരക്കുകളുടെ
മടിയിൽ തല ചേർത്ത്,പകലക്ഷരങ്ങളെന്റെ
വാതിലിൽ വന്നെന്നെ വിളിച്ചുണർത്തും വരെ.

ഞാനെന്നും വരികളുറക്കെ ചൊല്ലുമ്പോൾ
ക്ളാസിലേക്കിടക്കിടെ കയറി വരുന്നുണ്ട്,
നേരം തെറ്റിയെത്തുന്ന കുട്ടികളെപ്പോലെ
കണക്കിൽപ്പെടാത്ത ചില ഒറ്റ വാക്കുകൾ.

മഞ്ഞിച്ചുപോയ അടുക്കള മുറിവുകളി-
ലിന്നെന്റെ വാങ്ങ്മയ ചിത്രങ്ങളുണ്ട്.
വാരിച്ചുറ്റുന്ന ആറു മുഴം ചേലയിലങ്ങി-
ങ്ങായെന്റെ ഈരടികൾ കുരുങ്ങിക്കിടപ്പുണ്ട്.

ഇന്നലെയുമെന്റെ കവിത  പരിഭവിച്ച്
അടുക്കള വാതിൽ വഴിയാണ് ഇറങ്ങിപ്പോയത്.