Tuesday 12 February 2019

ചില തീവണ്ടികൾ

രാത്രി മാത്രം തീവണ്ടികളുടെ ശബ്ദം

കാതിലെത്തിക്കുന്ന ജനാലയോട്

ചേർന്നായിരിക്കും ഞാനിരിക്കുക.


പതിവ് പോലെ ഒരു ദുഃസ്വപ്നത്തിന്റെയും

കൈ തട്ടിയല്ല ഞാനുണർന്നിരിക്കുക.

ഇല്ല, ഇന്നൊരു ചൂളം വിളിയും

എന്നെ തൊടാതെ കടന്നു പോകില്ല.

ഇന്നും മലബാർ എക്സ്പ്രസ്സ്‌

ഇതു വഴി കടന്നു പോകും.

ബാക്ക്പാക്കിന്റെ ഭാരമില്ലാതെ

കൈയ്യിലൊരു തൂവാല പോലും

കരുതാതെ വന്നിറങ്ങുന്ന

നിന്നെയെനിക്ക് സങ്കല്പിക്കാനാകും.


ബീറ്റാഡൈൻ* മണക്കുന്ന പാദങ്ങളിൽ

ഒരേയൊരു പ്രഭാതത്തിൽ മാത്രം 

ചുംബിക്കുവാനായി

ഉറക്കത്തെ വിറ്റു തുലച്ച നീ...

---

കണ്ണടയ്ക്കിടയിൽ കുടുങ്ങി പോകുന്ന

പുരികക്കൊടികൾ ഞാനന്ന് 

പുലർച്ചെ നീട്ടിയെഴുതിയിരിക്കും.

ഞാനെന്റെ പൊട്ടിലേക്കുള്ള

വഴി വരച്ചിടുകയാണ്.

ദൂരക്കാഴ്ചയിൽ ഒരു ചുവപ്പ്

മാത്രമേ നിന്റെ കണ്ണിൽ

പതിയാനിടയുള്ളു...

----

ആശുപത്രി വരാന്തയിൽ

പേരില്ലാത്ത വ്യാധികൾ

മുഖത്തെഴുതി വെച്ച നിന്നെ

കാണുമ്പോളെനിക്ക് ചിരി പൊട്ടും.

ഒരു ചീട്ടും എടുക്കാതെ

രണ്ടാം നമ്പറുകാരനും അഞ്ചാമത്തവനും

ഇടയിലിരിക്കുന്ന നിനക്ക് മുന്നിലൂടെ 

ഞാനവർക്കൊപ്പം കടന്ന് പോകും.


എന്റെ കവിതകളുടെ കണക്ക് തെറ്റിച്ചു

എന്റെ കാൽവെള്ളയിൽ നോക്കി

നെടുവീർപ്പിടുന്നൊരു വിഷാദി

മാത്രമാകും നീയന്നേരം.

----

കിട്ടാത്ത ഉമ്മകളെ തട്ടിപ്പറിക്കാൻ

അപായച്ചങ്ങല വലിക്കണമെന്നുണ്ടെനിക്ക്.

പക്ഷേ, നിന്നെയും കൊണ്ട്

അന്നത്തെ പാസഞ്ചറും
  
പോയ്‌ കഴിഞ്ഞല്ലോ...



2 comments:

  1. രാത്രി മാത്രം കേൾക്കുന്ന തീവണ്ടി ശബ്ദം ...

    ReplyDelete
    Replies
    1. രാത്രി മാത്രം കാതിലെത്തുന്നത്...

      Delete