Saturday 15 April 2017

കഥ

http://indianexpress.com/article/lifestyle/sita-and-rama-tell-the-story-of-human-emotions-artist-neeta-singh/

തോരണങ്ങളുയരും മുൻപേ 
പന്തലിലേക്ക് നടന്നു കയറുക ,
ഞാൻ കടലായിരുന്നുവെന്നു 
കണ്ണിൽ നോക്കി പതിയെ പറയുക ,
സമ്മാനങ്ങളില്ലാതെ അസ്തമിക്കുക 
നീ സൂര്യനായിരുന്നു.

........................................................................

ആകാശ ഊഞ്ഞാലിലിരുന്നു 
ഞാൻ കണ്ണടയ്ക്കുന്നു,
നീ കൈപിടിക്കുന്നു,
വിയർപ്പുമണമുണങ്ങിയ നിന്റെ 
താടി കുടുകുടെ ചിരിക്കുന്നു ,
ശലഭങ്ങൾ നൃത്തമാടുന്നയെന്റെ   
അടിവയറ്റിൽ നീ കറുകറുത്ത 
അപ്പൂപ്പൻ താടികൾ പൊഴിക്കുന്നു

....................................................................... 

മാസങ്ങൾക്കപ്പുറത്തു നിന്നും 
നിന്റെ മുറിയിൽ നിന്നുയരുന്ന 
നിലയ്ക്കാത്ത പെൺചിരി,
കാതങ്ങൾക്കിപ്പുറത്തുള്ളയെന്റെ 
കാതിൽ അലയടിക്കുന്നു,
ഞാൻ കടലാകുന്നു. 

.......................................................................

അവൾ കാറ്റാകുന്നു,പറക്കുന്നു,
നീ പിന്നെയും ഉദിക്കുന്നു,
നിർത്താതെ പിറുപിറുക്കുന്നു ,
ഞാൻ കര തേടിയിറങ്ങുന്നു,
കാൽ പൊള്ളിയെന്നിലേക്ക് 
 മടങ്ങുന്നു.അതാ, 
നാം ചുട്ടു നനച്ച മണൽത്തരികൾ!


Wednesday 5 April 2017

ആ വീട്




.






http://media-cache-ec0.pinimg.com/736x/9e/e1/a8/9ee1a8fd17e57b9848dda232f0b025f3.jpg

അകത്തളത്തിലിരുന്ന്
കാഴ്ച്ചയിലില്ലാത്തൊരു
കൈതക്കാട് സ്വപ്നം
കാണുന്നവൾക്ക് ഭ്രാന്തായിരിക്കണം.

ആ വീടിന്റെ തെക്കേയറ്റത്ത്
കാവിനും കവുങ്ങുകൾക്കുമപ്പുറം
കഴിഞ്ഞ വേനലിൽ ആയമ്മ
ചുട്ടെരിച്ച കൈതക്കാട്.

ഈ ഇടുങ്ങിയ മുറിയുടെ
ജനാലയ്ക്കൊരുമ്മ  കൊടുത്ത
ചാമ്പങ്ങാ മരത്തിന്റെ
കൈകളവൻ അറുത്തുവത്രേ,
ചേർത്തു പിടിക്കാതിരിക്കാനാകാം.

ഉമ്മറത്തിരുന്നു ഉറക്കെ ഭാഗവതം
ചൊല്ലുന്ന പഴയൊരു ചുവപ്പൻ
സ്വപ്നത്തിന് ഉറങ്ങാനാവണം
ചുമരോടു ചേർത്തിട്ട ചാരുകസേര.

കടലിരമ്പം കാതിലെത്തുന്ന
നടുമുറ്റത്തിരുന്നു കാറ്റ്
കടം കൊള്ളുന്നവളാണാ
മണലിൽ മുഖം മെനയുന്ന
കഥയില്ലാത്ത പെൺകുട്ടി.

തൊടിയിലെ പുല്ലരിയുന്ന
പെണ്ണുങ്ങളാണെന്റെ കാതിൽ
സൊറ പറഞ്ഞാ മണ്ണിന്റെ
പച്ചപ്പുരുക്കി ഒഴിച്ചത്.

ചാറ്റൽ മഴ ചിലയ്ക്കുന്നയാ
കരിങ്കൽ കോട്ടയിലേക്ക്
എത്ര വട്ടമെന്റെ വരികൾ
വെറുതെ വന്നെത്തി-
നോക്കി പോയിരിക്കുന്നു.

തിരികെ പോകാനാവാത്ത വിധം
ഇറങ്ങിപ്പോരണമെന്നാണെനിക്ക്.
കയറിച്ചെല്ലാത്തൊരു മുറ്റത്തുനിന്നു
ഞാനെങ്ങനെ മടങ്ങിപ്പോരാനാണ്?