Sunday, 19 January 2014

യാത്ര

നടന്നു നീങ്ങവേ അറിഞ്ഞിരുന്നില്ല,
അടുപ്പത്തിൽ നിന്നും അകൽച്ചയിലേക്കുള്ള
ദൂരം ഇത്രയും ഹൃസ്വമായിരുന്നെന്ന്...

Friday, 17 January 2014

വേനൽ

വേനൽ പോലെ വിഷാദാത്മകമായതൊന്നുമില്ല.
വർഷത്തിനൊപ്പം ഇരുണ്ട ഭോജനശാലയിലിരിക്കേ,
വീർപ്പുമുട്ടുന്ന തൊണ്ടയോടെ,
തളർന്ന കാറ്റാടിയന്ത്രങ്ങളെ നോക്കേ,
മാലാഖമാർ പാലായനം ചെയ്യുന്ന പോൽ
ദേവാലയത്തിന് മുകളിലൂടെ
മേഘങ്ങൾ പിരിഞ്ഞു പോകുന്നു.
സ്വന്തമായിരുന്നതൊന്നും അവശേഷിക്കുന്നില്ല;
മഴ പോലും,രണ്ടു പേർക്കുള്ള
മേശയ്ക്കപ്പുറമാരേയും കാത്തിരിക്കാനില്ല.
ഒരു കത്തിമുനയോളമെല്ലാം ദുർബലമായ ശേഷം
നിശ്ചലമായ ജീവിതശാലയിൽ നിന്നും
വർണ്ണാഞ്ചിതമായ കനികൾ,
വെറുതേയിറ്റു വീഴുന്നു.
ഒരു ഊന്നു വടിയുമായ് ഹാംലെറ്റ് പോലും
തെരുവിലേക്ക് തിരികെയെത്തുന്നു.
തെരുവിന്റെ കുടിച്ചു മദിച്ചു വമിച്ച
അപരിചിതർ അജ്ഞാതമായ
നഗരത്തിൽ നിന്നും മടങ്ങിയെത്തുന്നു,
സന്ദിഗ്ദ്ധമായ ഏകാന്തതയെന്ന പോൽ
വീണ്ടുമെല്ലാം പതിയെ കടന്നു പോവുന്നു.
വിശ്വാസത്തിന്റെ തുന്നൽക്കെട്ടുകളിലേക്ക്
ഉറ്റു നോക്കാതിരിക്കാനാവുന്നില്ല.
നിസ്സാരമായൊരു അപഹരണത്തിന്റെ
അവസാനത്തിനായി കാത്തിരിക്കാനും.
അങ്ങനെ നമ്മുടെ അപൂർണ്ണമായ ശരീര-
ങ്ങളിലേക്കീ രാത്രി മടങ്ങാനും.P.S.  An attempt to translate the poem Summer by Robin Ngongom

http://www.museindia.com/viewarticle.asp?myr=2013&issid=47&id=3946


       Tuesday, 14 January 2014

തമസ്സ്

യുഗങ്ങൾക്കപ്പുറം സഞ്ചരിച്ച്,
കാലത്തിന്റെ കല്‍പ്പടവുകള്‍
കയറിയെത്തിയവൻ.

കൈനീട്ടിയില്ല,മുട്ടുകുത്തിയില്ല
കണ്ണുകളെ  കടന്നുപിടിച്ചു,
കീഴടക്കി!

ഒരിക്കലല്ല മൂന്നുവട്ടം,അവസാന
ദൃഷ്ടി പതിഞ്ഞപ്പോളാണവൾ
ഭസ്മമായത്.

തപസ്സിലല്ല തമസ്സിലായിരുന്നു
സൃഷ്ടി,വിഷ ദംശമേറ്റ് പിടഞ്ഞ
മുഹുർത്തത്തിൽ!

പ്രകൃതിയുടെ ജന്മരഹസ്യം
മുടിക്കെട്ടിൽ ഒളിപ്പിച്ച
പുരുഷൻ.

അരുത്,ചിരിക്കരുത്...
മനുഷ്യനാവുന്നു.
വന്യതയെ മെരുക്കരുത്
ദേവനായാലോ?

ജടയിൽ നിന്നും പൊക്കിൾ
കൊടിയോളം നീളുന്ന
നൂറ്റാണ്ടുകളുടെ നൂലിഴകൾ
മുറിക്കും വരെ,അസുരത്വം.


      

Monday, 13 January 2014

ദഹനം

എന്റെ ചിന്തകൾക്ക് തീപിടിച്ചത്
നീയറിഞ്ഞിരുന്നോ?
ഒരു ഹൃദയ വിസ്ഫോടനത്തിന്റെ
അവശിഷ്ടങ്ങളിൽ നിന്നൊരു
തീപ്പൊരി,
ആളിക്കത്തുന്ന ഭ്രാന്ത്,
കത്തി ചാമ്പലാകുന്നത്
നീയോ ഞാനോ?
അസ്ഥിയുരുകുന്ന ഗന്ധം,
വഞ്ചനയുടെ ദുർഗന്ധം.
മനംപിരട്ടി വരുന്നുണ്ടെനിക്ക്
ഓർമ്മകളെ ചർദ്ദിക്കണം.
അകത്താകിയ മലിമസമായ
വികാരങ്ങളൊക്കെയും
വായിലൂടെ പുറന്തള്ളണം
ദാ ഇത് പോലെ,
വാക്കുകളായി...

Tuesday, 7 January 2014

വനദേവതയ്ക്ക് പറയാനുള്ളത്...

 
 
 
 
 
 
 
 
 
 
 
 
 
നീയെത്തുമ്പോൾ മാത്രം പൂക്കുന്ന
പൂമരങ്ങളുണ്ടെന്റെയുള്ളിൽ.
വസന്തമേ,നീ വർണ്ണത്തേരേറി വരിക,
എന്റെ ചില്ലകളെ ചുവപ്പണിയിക്കുക.

Wednesday, 1 January 2014

കുറ്റവാളികൾ

കൊലയാളിയും കൊള്ളക്കാരനുമല്ല,
ഉപയോഗശൂന്യമായ ആയുധവും
ആയുസ്സും ഉപേക്ഷിച്ചവർ,
അവരാണത്രേ കൊടും പാതകികൾ!
മരണത്തിന് കീഴടങ്ങിയ
ജീവിതത്തിന്റെ പിടികിട്ടാപ്പുള്ളികൾ!


തിരികെയെത്തുന്ന കത്തുകൾ

കൈപ്പട കണ്ടെടുക്കാനാവാത്ത  
കടലാസ്സിന്റെ ലോകത്ത് നിന്നും
ഞാൻ,നീ വായിച്ചറിയുവാൻ  
എഴുതിയയച്ച സന്ദേശങ്ങളെല്ലാം
കത്തുകൾക്കും എത്തിപ്പെടാനാവാത്ത
നിന്റെ കാലഘട്ടത്തിന്റെ
മേൽവിലാസത്തിലേക്കായിരുന്നു...