Thursday, 22 May 2014

ഉറക്കം

ഉണരാനല്ല
ഉറങ്ങാനാണ്
നമ്മൾ കിടന്നത്.

അവളെ മണക്കുന്ന
തൂവെള്ള കരയുള്ള
പുതപ്പ് പുതച്ച്.

അവൾ ചുംബിച്ചു
വറ്റിച്ച ചുണ്ടിലെ
ദാഹം ശമിപ്പിക്കാൻ,

വരണ്ടുണങ്ങിയൊരു
ഉടലിന്റെ വർഷമാകാൻ,

അവൾ ചുരുണ്ടു
കൂടിയ നെഞ്ചിലെ
ഓർമ്മച്ചുരുളുകളിൽ
മുഖമമർത്തി കിടന്നു.

പാതിചാരിയയെൻ
മിഴിവാതിലിൽ നിന്നു
നീയപ്പോഴുമവളിലേക്ക്
നോട്ടമെറിയുന്നു.

അവളുടെ നിശ്വാസച്ചൂ-
ടേറ്റ് പിറന്ന താരാട്ടിന്റെ
പാതിയെന്റെ  കാതിലും
നീ നിറയ്ക്കുന്നു.

അവളെയെഴുതി തേഞ്ഞു
പോയ വിരലുകളാലെന്റെ
മുടിക്കടലാസ്സിൽ നീയേറെ
കഥകളെഴുതുന്നു.

വെറുപ്പിന്റെ ഉഷ്ണക്കാറ്റ്
ആഞ്ഞടിക്കുന്നു,
മടുപ്പിന്റെ പുതപ്പ്
വലിച്ചെറിയുന്നു,
ഗതകാല ചുരുളുകൾ
കത്തിത്തീരുന്നു,
വരൾച്ച വിനാശം
വിതയ്ക്കുന്നു,
നീ പൊള്ളിച്ച  കാത്
കൊട്ടിയടയ്ക്കുന്നു,
കണ്ണ് തുറന്നെന്നിലേക്ക്
നോക്കി ഞാനെന്തിനോ
പതിയെ പുലമ്പുന്നു,

നിനക്ക് ഉറങ്ങാം,
എനിക്ക് ഉണരണം.

Saturday, 17 May 2014

ചെംപെണ്ണ്

കുങ്കുമം ചിതറിത്തെറി-
ച്ചൊരു വിഷാദസന്ധ്യ-
യിലാണവൻ വന്നത്,

ചില്ലകൾ ചുംബിക്കുന്ന
ചെമ്മണ്‍ പാതയിലൂടെ...

അക്ഷരങ്ങളിലന്നവൾ
പൂത്തുലഞ്ഞു നിൽക്കു-
ന്നൊരു വാക്കായിരുന്നു.

കാത്തിരിപ്പിന്റെ നിറം
ചുവപ്പായിരുന്നുവോ?

വിപ്ലവത്തിന്റെ വായിൽ
നിന്നുമവനിറ്റിച്ചതത്രയും
ചുടുചോരയായിരുന്നല്ലോ?

വാകയുടെ വേദനയിൽ
വേനൽ ചിരിച്ചുവത്രേ!

ചേലയുടുത്ത് പടിയിറങ്ങി-
യപ്പോഴാണവൾ പെണ്ണായത്.
ചെമ്പട്ടുടുത്ത് മച്ചകത്തിരുന്ന-
പ്പോൾ ദേവിയായിരുന്നല്ലോ?

നിമിഷങ്ങൾക്കകം നിറം
മാറുന്നവൻ ഓന്തായിരിക്കാം.

ചീന്തിയെറിയും വരെ
അവൾ ആരായിരുന്നു?
മുറിവേറ്റ കൈത്തണ്ടയിലി-
പ്പോഴുമുണ്ട് രക്ഷയ്ക്കോ
ബന്ധനത്തിനോ അവൻ
കെട്ടിയ പൊട്ടാത്ത ചരട്.

കണ്ണീരിന് നിറമില്ലത്രേ!
കറുപ്പ് കുത്തിവരച്ചിട്ട
കലങ്ങിയ കണ്ണുകളിൽ
മാത്രമെന്നിട്ടുമെന്തേ
വല്ലാത്തൊരു ചുവപ്പ്,
ചെഞ്ചുവപ്പ് ?Wednesday, 14 May 2014

പ്രളയകാലം

മഴയവനിഷ്ടമായിരുന്നു
അവൾ നിർത്താതെ
പെയ്യും വരെ....
തീരത്തവനുണ്ടായിരുന്നു
അവൾ കടലാണെന്ന്
അറിയുവോളം...
പേമാരി കൊടും പ്രണയം
വിതച്ച  ഹൃദയത്തിന-
ടിത്തട്ടിൽ നിന്നും,
സ്വപ്‌നങ്ങൾ കടലെടുത്ത്
പോയ ശേഷമാണവർ
മരുഭൂമിയായത്.

Tuesday, 13 May 2014

മരണ സർട്ടിഫിക്കറ്റ്

വായന മരിച്ച
ദിവസമായിരുന്നു
എഴുത്തിന്റെ
ശവസംസ്കാരം.
അതുകൊണ്ടാവാം
ജീവിതം മാത്രം
രേഖകളിലില്ലാതെ
പോയതും.