Monday, 12 January 2015

പ്രിയപ്പെട്ട തടവുകാരാ...


പ്രിയപ്പെട്ട തടവുകാരാ,
മനഃച്ചങ്ങലയുടെ കളഞ്ഞു പോയ
താക്കോൽ കണ്ടെടുക്കാനാവാത്തതു
കൊണ്ട് മാത്രം പറയട്ടെ ,
സ്നേഹത്തിന്റെ ഓരോ കണ്ണിയും
വെറുപ്പിനാൽ വലിച്ചു പൊട്ടിക്കുക.
ചോര ചിന്തും,പക്ഷേ പതറരുത്.
ഈ മുറിപ്പാടിൽ നിന്നായിരിക്കാം
നാളെയുടെ വിപ്ലവസ്വപ്നങ്ങൾ
ജനിക്കുന്നത്,ഇന്നലെകളുടെ
പേക്കിനാവിന് പട്ടടയൊരുങ്ങുന്നതും.


പ്രിയപ്പെട്ട തടവുകാരാ,
തർക്കച്ചന്ദ്രൻ ഉറങ്ങും മുൻപേ
നീയുണരുക,വാദപ്രതിവാദങ്ങൾ-
ക്കിടയിൽ ഉറപ്പില്ലാത്തൊരു ചുവരുണ്ട്.
മുന വെച്ച വാക്കു കൊണ്ടും മൂർച്ചയേറിയ
മൗനത്താലും നീ നിഷ്ഠൂരമെന്റെ
ഹൃദയഭിത്തി തുരന്നെടുക്കുക.
ചിതറി വീഴുന്ന ഓർമ്മത്തരികളിൽ
ഒന്നിൽ പോലും തൊട്ടു പോകരുത്.
നിന്റെ ഒരൊറ്റ സ്പർശം മതിയവ-
യോരോന്നും ഒത്തു ചേർന്ന്
ഹൃദയവാതിലടച്ചു കളയും.

പ്രിയപ്പെട്ട തടവുകാരാ,
തുരങ്കത്തിലൂടെ യാത്ര ചെയ്യാൻ
നീയെന്നോടുള്ള പ്രേമഭാരം
മുഴുവനായും ഉപേക്ഷിക്കേണ്ടതുണ്ട്.
നീ നിന്നോളം ചെറിയവനാവുക.
ഇഴഞ്ഞു നിരങ്ങി നീങ്ങവേ
എന്റെ കണ്ണീർച്ചീളുകൾ കൊണ്ട്
നൊന്തെന്നിരിക്കും ,നിർത്തരുത്.
നീ കരയില്ലെന്നെനിക്കറിയാം,
കരുണ വറ്റുമ്പോഴൊക്കെയും
കരച്ചിൽ കടം തന്നതത്രയും
ഞാനായിരുന്നല്ലോ?

പ്രിയപ്പെട്ട തടവുകാരാ,
പ്രണയം വമിക്കുന്ന ഓടയെത്തുമ്പോൾ 
നീയാ വിഷവായു ശ്വസിച്ച് തളരരുത്.
അഴുകിയ ആലിംഗനങ്ങളുടെ 
അവശിഷ്ടങ്ങളിലേക്ക് നോക്കരുത്.
ചവച്ചു തുപ്പിയ ചുംബനച്ചേറിൽ
ചുമ്മാതെ പോലും ചവിട്ടരുത്.
ഒടുക്കം വീട്ടിലേക്കുള്ള വഴി കാണാം.

പ്രിയപ്പെട്ട തടവുകാരാ,
വീട് ചൂണ്ടിക്കാട്ടിത്തരാൻ 
കാവി പുതച്ച കാവലാളുണ്ടാകും.
കണ്ണടച്ചൊപ്പം നടന്നാൽ വിണ്ണിലും 
മണ്ണിലും മോക്ഷം നിശ്ചയമത്രെ!
വലത്തോട്ട് തിരിയരുതവിടെ
കോടികൾ കൊണ്ട് കോടിയുടുത്ത്
കുതുകാൽ വെട്ടേറ്റ് വീണവരുണ്ട്.
ഇടത്ത് വിയർപ്പ് ചുവക്കുന്നുണ്ട്,
ഇവിടെ വെച്ചാണ് മനുഷ്യൻ 
മൂലധനം മറിച്ചു വിറ്റത്.

പ്രിയപ്പെട്ട തടവുകാരാ,
അക്ഷരം ആയുധമാക്കിയവന്
പേനയിലിടമുണ്ട്,പത്രത്തിലോ?
വാസ്തവം വളച്ചൊടിക്കാം 
പക്ഷേ വിമർശനം വരച്ചിടരുത്,
വാളുകൊണ്ടവർ വായിച്ചെടുത്തേക്കാം.
വിളിച്ചു വരുത്തിയ വണ്ടിയിൽ 
വലിച്ചെറിയപ്പെട്ടവളുടെ വേദനയും   
വെടിയൊച്ച നിലയ്ക്കാത്ത വിദ്യാലയ-
ങ്ങളിലെ വിലാപങ്ങളും വാർത്തയിൽ
ചിരിക്കുമ്പോൾ,നീയറിയും 
പ്രാണഭയത്താൽ ജീവൻ 
പതുങ്ങിയിരിക്കുമ്പോഴല്ല,നാം 
പ്രേമഗീതം പാടേണ്ടതെന്ന്,
സൃഷ്ടിക്കായി നമ്മൾ 
സ്വതന്ത്രരാകേണ്ടതുണ്ടെന്ന്.


4 comments:

  1. പറയേണ്ടതിനു സമയം കുറിച്ച നല്ല ഭാവന..

    ReplyDelete
  2. അണ്‍സെൽഫിഷ്നെസ് ഓഫ് ആർട്ടിനെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ ഇത് വായിക്കുന്നത്. മനസ്സ് അക്ഷരങ്ങളിൽ കാണാം :))

    ReplyDelete