Monday, 16 April 2018

അപഥസഞ്ചാരം


https://www.artzolo.com/painting/indian-woman-2?id=21514

മുഖം കറുപ്പിച്ചിട്ടും കവിളിലേക്ക് 
പടർന്നു കയറുന്നൊരു ചിരി,
കൺപീലിയോളം നീളമുള്ളത്.


കൃഷ്ണമണിയോളം പോന്ന
ഒരു കറുത്ത പൊട്ട്,
നിന്നെ മാത്രം കാണുന്നത്.

കാറ്റിൽ നിന്റെ കൈക്കുമ്പിളിലെ
ആകാശം തേടിപ്പറക്കുന്ന മുടിപ്പട്ടങ്ങൾ.

നിന്റെ ഉമ്മകൾ പോലൊരു പുതപ്പ്,
പതുപതുത്തത്, കഴുത്തിനെ ചുവപ്പിച്ചത്.


വസന്തം വന്നു കേറാത്ത

ഉടുപ്പുകൾക്കുള്ളിലെന്നും 
പൂക്കുന്നൊരു ഉടൽമരം. 
ചില്ലകളും പൂക്കളുമുള്ളത്,
കായ്ക്കനികൾ കണ്ടെടുക്കാനാകാത്തത്

ഇലയനക്കങ്ങളിൽ പോലും 
നിന്നെ മൂളുന്നത്.
നിശ്ശബ്ദതയിലും നീയാകുന്നത്.

പാദങ്ങളുടെ കണക്ക് തെറ്റിച്ച്
ദൂരങ്ങളിലേക്കും കാലങ്ങളിലേക്കും
നിന്നെ തേടി ഇറങ്ങി പോകുന്നവൾ,
വേരുകളെക്കുറിച്ച് നിനക്കൊരു
ചുക്കും അറിയില്ല,
പ്രണയത്തിലകപ്പെട്ട പെണ്ണിനെക്കുറിച്ചും.
No comments:

Post a Comment