Tuesday 4 February 2014

വിധിന്യായം

വിശപ്പിന്റെ വിളി കേട്ട്
വീട് വിട്ടിറങ്ങി.

വഴികാട്ടികളുടെ വിരൽ
പിടിച്ചു വഴി പിഴച്ചു.

ആരാന്റെ ആശകൾക്കായ്
അവൾ വേശ്യയായി.

വമ്പന്മാർ വില പേശവേ,
വിലയേറി വന്നു.
വിലയിടിഞ്ഞു പോയത്
മനസ്സിന്റെ മാത്രം.

മോചനത്തിന്റെ കവാടം
കാക്കിയിട്ടവർ തുറന്നു.
അവൾക്കു വേണ്ടി മാത്രമല്ല,
പലർക്ക് വേണ്ടിയും.

മുഖങ്ങളല്ല മുറിപ്പാടുകളാണ്
മേലാകെ നിറഞ്ഞത്.

പേരുകളൊന്നും ഓർമ്മയില്ല
പീഡകൾ മറക്കാനും വയ്യ.

ഇത്രയധികം പേർക്ക് നേരെ
ചൂണ്ടാൻ വിരലുകളില്ല.

വിചാരണയ്ക്കിടെ  ചിലർ
വാക്കിനാൽ ഭോഗിച്ചു.
ആൾക്കൂട്ടം കണ്ണ് കൊണ്ട്
പലകുറി വ്യഭിചരിച്ചു.

വർഷങ്ങളുടെ ബലാൽസംഗം,
ഒടുവിൽ "വിധിന്യായം".
പെണ്ണിനെ വിറ്റ് മുടിച്ചവർക്ക്
വിലങ്ങുകളില്ല,വിലക്കുകളും.

പണയപ്പെടുന്ന ശരീരങ്ങളുടെ
വിധിയാണവർ വിധിച്ചത്.

വിതുരയിലും വഴിയോരത്തും
വില പിടിച്ചയേറെ വസ്തുക്കൾ
വിധി കാത്തിനിയും കിടക്കും.

No comments:

Post a Comment