Thursday, 19 December 2013

ജാലകം


https://twitter.com/neeitz/status/413235964513775618

ജാലകത്തിനും  കൈകളുണ്ട്
ചുവരുകൾക്ക് കാലുകളും.

ബാല്യത്തിനും ശരീരമുണ്ട്
മനുഷ്യരിൽ മൃഗങ്ങളും.

മാനത്ത്‌ കഴുകന്മാരുണ്ട്
മുറിയിൽ നായ്ക്കളും.

നിഷ്കളങ്കത വിതുമ്പുന്നുണ്ട്
കാമവെറി  അലറുകയും.

പരിഭ്രാന്തികൾ അരികിലുണ്ട്
കഴുമരമാവട്ടെ അകലെയും.


Friday, 13 December 2013

നീ മാത്രം

നിന്നിലുമെന്നിലും  എന്നെ കാണ്മാനില്ല
ഞാനിലാത്തൊരു യാത്രയിലാണ് നമ്മൾ.

ഒറ്റ മഴ

മിഴിയോരവും കടന്നൊരു
പുഴ ഒഴുകുന്നതെങ്ങോട്ടാണ്?

കണ്‍പീലികൾ കുതിരുമ്പോൾ
കവിൾത്തടമെങ്ങനെ കടലാവും?

അകകണ്ണിലെ നീർച്ചാലുകളെന്തിന്
മുടിത്തുമ്പിലേക്ക് ഒലിച്ചിറങ്ങുന്നു?

വേദനയുടെ  വെള്ളപ്പാച്ചിലൊടുങ്ങും
മറവിയുടെ കൊടും കാട്ടിനുള്ളിലെ  

വറ്റിയ ഓർമ്മകളുടെ തടാകത്തിലെ
ഒറ്റ  മഴത്തുള്ളിയാവാനാകാം.

പച്ചമണ്ണ്

പച്ചിലകൾ നിനക്ക്
പഴുത്തിലകളെനിക്ക്.

കനികൾ  നിന്നിലും
കുരുക്കളെന്നിലും.

ആകാശം നിന്റേത്
അടിവേരുകളെന്റേത്.

ചിതലായ് ഞാനും
ചീഞ്ഞളിഞ്ഞ് നീയും.

ഒരു ജീവകാലമത്രയും
നീ മരം ഞാൻ മണ്ണ്.

മരണത്തിൽ നമ്മളൊന്ന്
മരമേ,നീയും മണ്ണാകുന്നു.

Thursday, 28 November 2013

വൃത്തം

കണ്‍മഷിയിൽ ചാലിച്ച മുത്തമവളെയാദ്യം
വട്ടത്തിൽ  തൊടുവിച്ചത് അമ്മയായിരുന്നു.

യുക്തി കയറിയിറങ്ങിയതിൽ പിന്നെയവൾ
നിറങ്ങൾക്ക് നെറ്റിയിലിടം കൊടുത്തിരുന്നില്ല.

വസന്തത്തിലവനായി കുങ്കുമ്മപ്പൂക്കളേറെ
വിരിയുന്നുണ്ടവളുടെ പുരികങ്ങൾക്കിടയിൽ.

നെറുകയിലവൻ ചുവന്ന ചുംബനമാകുവോളം
വൃത്തത്തിന്റെയും ശിഷ്ടകാലമവന്റെയും

 ചുറ്റളവിലേക്ക് അവളെയൊതുക്കി നിർത്താൻ
കാഴ്ച്ച മറച്ചാണിന്നും സുന്ദരിക്ക് പൊട്ടുക്കുത്തൽ.

നനവുള്ള മണൽ

നനഞ്ഞയെന്റെ കാൽപാദങ്ങൾക്ക്
പാതയാവേണ്ടത് നിന്റെ മണലാണ്‌.

നിന്നെ ചവിട്ടി നോവിക്കാനൊന്നുമല്ല
വിരലുകൾക്കിടയിൽ ഒളിപ്പിക്കാനാണ്.

പൂഴ്ത്തിവച്ച നഖങ്ങളിൽ നീ വരച്ചിട്ട
ശംഖിൽ തൊട്ടുരുമ്മി കിടന്ന് കൊണ്ട്,

കടൽ കരയോട് മൊഴിയുന്നയോരോ
സ്വകാര്യങ്ങളും സ്വന്തമാക്കുവാനാണ്.

Monday, 25 November 2013

ആമിയോടും പറയാനുണ്ട്.

വെട്ടിയൊതുക്കിയ വികാരങ്ങളെ
നീട്ടിവളർത്തി ചായം പൂശിയതും.

വിളറി വെളുത്ത കൈകൾക്കകത്ത്
മൈലാഞ്ചി മണം നിറച്ചു വച്ചതും.

പാറിപ്പറന്ന ചിന്താ ശകലങ്ങളെ
തട്ടമിട്ട് അണിയിച്ചൊരുക്കിയതും.

കണ്ണനിൽ നിന്നും കണ്ണെടുക്കാതെ
കൽബിലെന്നും വചനമോതിയതും.

അറബിക്കടലായി  പുഞ്ചിരിക്കാൻ
അമ്മമലയാളത്തോളം കരഞ്ഞതും.

ചിതാഭസ്മമായി  ഒഴുകിയകലാതെ
ഒടുവിലുടലോടെ കല്ലറ പൂകിയതും.

പ്രിയപ്പെട്ടവളേ,ആത്മാനുരാഗത്തിൻ
പ്രേയസിയാവാൻ മാത്രമായിരുന്നോ?

നിന്റെ വിവാദം പൂക്കുന്ന മരങ്ങളിൽ
നിരന്തരം ചേക്കേറുന്ന പക്ഷികളുടെ

ചിറകരിയാനെങ്കിലും ആമി,നിനക്കും
സുരയ്യയെ നിർവചിക്കാമായിരുന്നു.

Saturday, 23 November 2013

മതിഭ്രമം

മഞ്ഞ് വീണ മനസ്സിലൂടെ
നിലാവിൽ നടക്കാനിറങ്ങണം.

മേഘങ്ങളുടെ പടിക്കെട്ടിലിരുന്നു
ഗഗനചാരിയുടെ  ഗീതമാവണം.

ഗന്ധർവയാമത്തിന്റെ കുളിരിൽ
താരകങ്ങളിൽ കുളിച്ചുകയറി,

നിശാഗന്ധിയുടെ മടിത്തട്ടിലേക്ക്
നിശാശലഭമായ് പറന്നിറങ്ങണം

Monday, 18 November 2013

സർഗ്ഗാസ്തമയം

ആസ്വാദനത്താലെന്നെ
അടക്കി വാഴും
സ്വേച്ഛാധിപതിയായ
സഹൃദയാ,
ആരവങ്ങളൊഴിഞ്ഞ
ആരാമവും.
സർഗ്ഗ സന്ധ്യകളുടെ
സാമ്രാജ്യവും.
അടിയറവച്ചാണെൻ
അസ്തമയം.

Friday, 15 November 2013

തീവണ്ടിക്കാഴ്ചകൾ

വിശപ്പ്:
അരവയർ നിറയ്ക്കാനൊരു
വട്ടി പലഹാരങ്ങളുമായ്
വിയർപ്പിന്റെ പാളങ്ങൾ
മുറിച്ചുക്കടക്കുന്ന വൃദ്ധൻ.

ഭിക്ഷ:
നാണയമെറിഞ്ഞ കുട്ടിയോട്
കൂട്ട് യാചിക്കാനാവാത്ത
മുഷിഞ്ഞ ഭാണ്‍ഡത്തിലെ
കൂറ കുത്തിയ ബാല്യം.

യാത്ര:
സ്വപ്നങ്ങളിലേക്ക് അതിവേഗം
ചൂളം വിളിച്ചെത്തുന്ന ഭാവി.
കാത്ത് നിൽക്കുന്ന വർത്തമാനം,
കൈ വീശിയകലെ  ഭൂതകാലം.

കാമം

മുറിവേറ്റ അധരങ്ങളെ നനുത്ത
രോമങ്ങളാൽ മൂടി  
മരവിച്ച നഖക്ഷതങ്ങളോട്
പറ്റിച്ചേർന്നുക്കിടന്ന്
ഉലഞ്ഞഴിഞ്ഞ  ഉടയാടകളെ
പുതപ്പിച്ചുറക്കി
കമ്പിളിയും ശിശിരകാലത്തിൽ
അനുരക്തനാവുന്നു.

Sunday, 10 November 2013

ജന്മദിനം

കഴിഞ്ഞ ജന്മദിനത്തിലവൻ
കെടുത്തിയ മെഴുകുതിരിയെ
ജീവന്റെ കുട്ടിയുടുപ്പണിയിച്ചാണീ
പിറന്നാളിനവൾ സമ്മാനിച്ചതത്രേ!

Saturday, 2 November 2013

യന്ത്രം

പണ്ടു പണ്ട്
ഒരിടത്തൊരിടത്ത്
അച്ചടി യന്ത്രത്തെ
സ്നേഹിച്ചൊരു
പെണ്‍കുട്ടിയുണ്ടായിരുന്നു.

അവൻ
വടിവൊത്ത
വാക്കുകളിൽ
അടുക്കി വച്ചപ്പോൾ
വരികളിലേക്ക്
ഒതുങ്ങി നിന്നവൾ.

അച്ചടക്കമുള്ള
അക്ഷരങ്ങളിൽ
മഷിപ്പാട്
പരതി പോയവളുടെ
പേനയെവിടെയോ
കളഞ്ഞു പോയി.

അവന്റെ
ആത്മാവില്ലാത്ത
രേഖകളിൽപ്പെട്ടവളുടെ
കൈപ്പടയുടെ വേഗം
നിലച്ചതുമങ്ങനെയായിരുന്നു.

നിദ്ര

നെരൂദയെ പകർന്നു തന്ന
നിശയുടെ പാനപാത്രം.

ഗസലിൽ നുണഞ്ഞിറിക്കിയ
കാമനകളുടെ ലഹരി.

അനുഭൂതിയായ് പുനര്‍ജനിക്കും
ഭ്രമാത്മകനായ കാമുകൻ.

Friday, 1 November 2013

മർമ്മരം

ദിശ മാറുന്നു.

വീശുമ്പോൾ മാത്രമല്ല

ആഞ്ഞടിക്കുമ്പോഴും.

കൊടുങ്കാറ്റാകുന്നുവോ?

പിൻവാങ്ങിയേക്കാം.

മരം പെയ്യുമ്പോൾ 

ഇലയനക്കമായി

മടങ്ങിവരാം.


Thursday, 31 October 2013

പുരാവൃത്തം

ഇറുക്കിയടച്ച കണ്ണുകളിൽ
അമർത്തിത്തന്ന മിഥ്യകളും.

ഉത്തരത്തോട് ചേർത്തിരുത്തി
അന്ധയാക്കിയ ചോദ്യങ്ങളും.

മിത്തിന്റെ ഗർഭപാത്രത്തിൽ
ആഖ്യാനം കാത്ത് കിടക്കുന്നു. 

കൈകളോട്...

നിന്നെ പ്രാപിക്കും വരെ
എന്നെ കല്ലെറിയുക.
ഞാൻ പ്രേമമാകുവോളം
നീ  കഴുകിക്കളയുക.

മഴപ്പെണ്ണ്‍

 
നിനക്ക് നനയാനൊരു മഴ നൽകി 
നിന്റെ കുടയുടെ കരുതലിൽ 
കാറ്റിനെ  തേടിപ്പോയവൾ.










Tuesday, 29 October 2013

അരുംകൊല

ഒരിക്കൽ
വിശന്നു വലഞ്ഞ
ബുദ്ധിരാക്ഷസർ
പുസ്തകത്തിലെത്തി.

അമ്മിഞ്ഞപ്പാൽ മണം
വിട്ടൊഴിഞ്ഞിട്ടില്ലാത്ത
മയിൽപീലിക്കുഞ്ഞുങ്ങളെ
മാനത്തേക്കെറിഞ്ഞു.

വളപ്പൊട്ടുകളിൽ തട്ടി
കാൽ മുറിഞ്ഞപ്പോൾ,
അഴകളവുകളെക്കുറിച്ച്
അടക്കം പറഞ്ഞു.

നിലവിളികൾ കേട്ട്
ഉറക്കെ അട്ടഹസിച്ച്
പെണ്ണെഴുത്തെന്നു
കൂകി വിളിച്ചു.

സമത്വത്തെ
കഴുത്തറുത്ത് കൊന്നിട്ട്
താളുകളോരോന്നും
തിന്നു മുടിച്ചു.

ഉപാസനം

വിശ്വാസിയല്ലാത്തവൾക്കും
ഒരു മതമുണ്ട്.
പൂജിക്കാനറിയാത്തവനും
ഒരു വിഗ്രഹമുണ്ട്.
പ്രാർത്ഥനയായിത്തീരുന്ന
പ്രണയം.

Saturday, 26 October 2013

സൃഷ്ടി


കാത്തിരിപ്പുകളിലേക്ക്  ആരും
കടന്നുവരാനില്ലെന്നു അറിയാതെയല്ല.

ചേതനയറ്റ സങ്കൽപ്പങ്ങളുടെ
ചിതയൊരുങ്ങിയത് കാണാതെയുമല്ല.

വറ്റി വരണ്ട ഉറവകളിൽ
കുറെ പാഴായ വരികളുണ്ടായിട്ടുമല്ല.

വിസ്മൃതനാവാൻ വിസമ്മതിക്കും
മൗനത്തിനു മോക്ഷപ്രാപ്തിയേകാനായി,

എരിഞ്ഞടങ്ങിയ തൂലികത്തുമ്പിലെ
ജ്വാലയാവാനാകാതെ പോയ അഗ്നിക്കായി,

ചിറകറ്റ അക്ഷരങ്ങൾ നിത്യവും
സൃഷ്ടിയുടെ ആകാശക്കോട്ട  കെട്ടാനിറങ്ങുന്നു.

Friday, 25 October 2013

തനിയെ

തിരക്കൊഴിയുമ്പോൾ
തിരിഞ്ഞൊന്നു നോക്കുക.
തീരത്തന്നും ആ തണൽ മരം
തനിയെ നിൽക്കുന്നുണ്ടാകാം.

Wednesday, 23 October 2013

സമാഗമം

മരിച്ചുപോയ വായനക്കാരനെ
പത്രത്തിൽ വച്ചിന്നു കണ്ടുമുട്ടി.

പേരും നാടും വീടും വയസ്സും
ചേർത്തൊരു ചരമക്കുറിപ്പിൽ.

ചിന്തകളെക്കുറിച്ച് സൂചനകൾ
ഒന്നുമില്ലാത്തൊരു  ചിത്രത്തിൽ.

ആദ്യമായും അവസാനമായും
കാണുന്നത് അപ്പോഴായിരുന്നു.

കാരണം അഭിപ്രായങ്ങൾക്കൊ-
രിക്കലും മുഖമില്ലായിരുന്നല്ലോ?

Monday, 21 October 2013

പനിയോർമ്മകൾ

അവന്റെ തണുപ്പിലറങ്ങി
നടന്നവൾക്ക് പനിപിടിച്ചു.

മേലാകെ അവന്റെ
നിശ്വാസങ്ങളുടെ ചൂട്.

വിരൽപ്പാട് പതിഞ്ഞ
കൈത്തലം വിറക്കുന്നുണ്ട്.

വാക്കുകളുടെ വാനിറയെ
വിയർപ്പിന്റെ കയ്പ്പ്.

പുതപ്പിനടിയിൽ മനസ്സാകെ
നീറുന്ന നോവ്‌.

പനി മാറണമെന്നോ മറ്റോ
പുലമ്പുന്നുണ്ടവൾ.

അത് കേട്ടിട്ടാവണം
നെറ്റിതടത്തിൽ അച്ഛന്റെ
ഒരു തലോടൽ,
അമ്മയുടെ രുചിക്കൂട്ടിൽ
പാകപ്പെടുത്തിയ ചുക്ക്കാപ്പി.

അവളുടെ പനിയിറങ്ങുന്നു,
പ്രണയം പടിയിറങ്ങുന്നു...

Sunday, 20 October 2013

സമയം

സമയം
ഒരു കള്ളനാണ്.
മണിക്കൂറുകളെ
കൊള്ളയടിച്ചവൻ.

അവൻ
ഉപേക്ഷിച്ച
നിമിഷങ്ങളെണ്ണിയെണ്ണി
ദിവസങ്ങളുടെ കണക്കും
തെറ്റിയിരിക്കുന്നു.

ഹൃസ്വമായ
ഓർമ്മകൾക്കും
ദൈർഘ്യമേറിവരുന്നു.

നഷ്ടപ്പെട്ട
നാഴികകൾ കണ്ടു കിട്ടുന്നവർ
സ്വർഗത്തിൽ തിരിച്ചേൽപ്പിക്കുക.

അവസാന മണി
മുഴങ്ങുo  വരെയെങ്കിലും
സ്വപ്‌നങ്ങൾ നേരമില്ലാതലയട്ടെ.

Saturday, 19 October 2013

ഗാന്ധർവ്വം

 
രാത്രിയുടെ ആലിംഗനത്തിൽ
ആലസ്യവതിയായ പകലിന്
സ്മൃതികളിൽ നിറ മാംഗല്യം.

Friday, 18 October 2013

നീയെന്താണ് ചെയ്യുന്നത്?


വലിയ കെട്ടിടത്തിന്റെ 
ചെറിയ മുറിയിലിരുന്ന് 
നീയെന്താണ് ചെയ്യുന്നത്?

വെയിലിന്റെ ജാലകമടച്ചിട്ട്
പ്രകൃതിയുടെ പാഠമോതുന്നു.

ഹൃദയo താഴിട്ട് പൂട്ടിവച്ച്
പ്രണയo പ്രഖ്യാപിക്കുന്നു.

അഭിസാരികയുടെ മെത്തയിൽ 
സദാചാരങ്ങൾ അഴിച്ചിടുന്നു.

വർഗ്ഗസമരത്തിന്റെ വഴിയേ
വിരലിനാൽ അണിചേരുന്നു.

ചുറ്റുപാടുകളെ  മൂകമാക്കി
അകലേക്ക് വാക്കെറിയുന്നു.

മിഥ്യയുടെ അകത്തളങ്ങളിൽ
സ്വത്വത്തെ  തളച്ചിട്ടുക്കൊണ്ട്
നീയെന്താണ്  തിരയുന്നത്?

Wednesday, 16 October 2013

അവർ


മുഖം നോക്കാതെ കവിളിൽ തൊട്ടൊരാളുണ്ട്
ഉറങ്ങാതിരുന്നവളോട് ഉമ്മ ചോദിച്ചൊരാൾ.

ഒരേ ഗസലിന് കാതോർത്തിരുന്ന രണ്ടുപേരുണ്ട്
ഇരവിലെ ചൂട് ഊതി കുടിച്ചിരുന്ന നക്ഷത്രങ്ങൾ.

ചന്ദ്രോദയത്തിൽ പൂർണ്ണത തേടിയയൊരുവളുണ്ട്
പുലരിയുടെ കണ്ണുകളിൽ കിനാവ് മാത്രമായവൾ.

Friday, 11 October 2013

മണ്ണേ മടങ്ങുക


അവളുടെയുള്ളിൽ നട്ട വിത്തുകൾ മുളച്ചിരിക്കുന്നു.
എന്റേതാവാം നിന്റേതാവാം മറ്റാരുടേതുമാവാം.

പെണ്ണാണെങ്കിൽ മുളയിലേ നുള്ളി കളഞ്ഞേക്കണം.
പറ്റില്ല,മഴയൊഴിച്ച് വളര്ത്തേണ്ടതാണെന്നവൾ.

പക്ഷേ സൂര്യനെ കാട്ടിക്കൊടുക്കരുതൊരിക്കലും
പെണ്ണങ്ങ് പടർന്നു പന്തലിച്ചു കേറിയെങ്കിലോ?

കാറ്റു കൊണ്ടും വെളിച്ചം കണ്ടുമാണ്‌ ജീവിതമത്രേ!
അന്യർ പിഴുതെറിയും മുൻപേ പറിച്ച് നടേണ്ടതില്ലേ?

പിന്നെയവളൊന്നും പറഞ്ഞതില്ല.ഞാനവളെ കണ്ടതുമില്ല.
മണ്ണൊലിച്ചിലിലൊരു ആത്മഹത്യാക്കുറിപ്പ് പോലുമില്ല.

കാലിടറുന്നു,വീണൊടുങ്ങാനവളുടെ ശരീരവുമിനിയില്ല.
അവളില്ലാതെ ഇനി ഞാൻ എങ്ങനെയൊരു അച്ഛനാകും?



Thursday, 10 October 2013

മഴയത്ത് വേണ്ടത്...

ചാഞ്ഞു പെയ്യുന്ന മഴയുടെ കോലായിൽ
ചാരിയിരിക്കാനൊരിടം വേണം.
ആവിപറക്കുന്ന ചായക്കോപ്പിന്റെ
ചുംബനമേറ്റ് വാങ്ങാൻ ചുണ്ടുകളും.

നിന്റെ ഭൂമി

നിനക്ക് മാത്രം
ഭേദിക്കാവുന്ന അതിരുകൾ.
നീ മാത്രം
കണ്ടെത്തിയേക്കാവുന്ന ഇടങ്ങൾ.
നിന്റെ 
ചിന്താപ്രപഞ്ചത്തിന്റെ ഉള്ളിൽ 
അവളുo
ഒരു  നീലച്ച ഭൂഖണ്ഡമാവുന്നുണ്ട്.
നിന്നെ
അടയാളപ്പെടുത്തേണ്ട ഭൂതലo.

ചുവപ്പ്

വെട്ടേറ്റു വീണ നിന്റെ വിപ്ലവത്തിന്
വിലകൊടുക്കേണ്ടിവന്ന അവളുടെ
നെറ്റിയിലെ കുങ്കുമത്തിനും
ചോരയുടെ ചുവപ്പ്.

സ്വപ്നസഞ്ചാരം

വഴിവിളക്കുകളെ വിസ്മരിച്ച്,
മിന്നാമിനുങ്ങിന്റെ വെട്ടത്തിൽ
ഭൂമിയുടെ അറ്റത്തേക്കൊരു യാത്ര.            
          

കറുത്ത കവിതകൾ

അഴിച്ചിട്ട മുടിയിഴകൾ നിറയെ
കറുപ്പിൽ കുറിച്ചിട്ട കവിതകൾ,
ചുരുളഴിയാത്ത ചില രാത്രികൾ.              
      

കടൽ


എന്റെ ഒറ്റപ്പെടലിന്റെയോരം ചേർന്ന്
നിന്റെ നിഗൂഡതയും പേറി ഒഴുകുന്ന
നിശബ്ദതയുടെ ഒരു കടലുണ്ട്,നമ്മിൽ.

ഋതുഭേദങ്ങൾ

ചില്ലകളിൽ പൂത്തുലഞ്ഞും
ഇലകളായി പൊഴിഞ്ഞും
നീയാകുന്നുണ്ട് പൂമരം,
നീയവൾക്ക് ഋതുവും.
  

എന്നെപോലൊരുവൾ

പാതിവിരിഞ്ഞൊരു ചിരി എനിക്ക് നേരെ,
മറുപാതി മറ്റാർക്കോ മാറ്റിവച്ചതു പോലെ  
അവളും ഏതോ സ്വപ്നാടകയായിരിക്കാം.

എനിക്ക് മഴവില്ലാവണം

 നീയെന്നിൽ പെയ്തുതോരവേ
 നിന്റെയുള്ളിൽ പുനർജനിച്ച്,
 നിനക്ക് നിറങ്ങൾ പകർന്നുതന്നു 
 ദൂരെ പോയ്മറയുന്ന കൗതുകം. 

കൂട്ടിരിക്കുന്നവൾ


കണ്ണ് നിറയുമ്പോഴെല്ലാം അവൾ കൂട്ടിരിക്കുമായിരുന്നു.
ഇന്നുമവൾ പുറത്ത് പെയ്തിറങ്ങുന്നുണ്ട്,ഞാൻ അകത്തും.

ഇനിയുള്ളത്


പരാതികളില്ല പരിഭവങ്ങളും
പാഴായിപ്പോയ നിശബ്ദതയിൽ
പിറവിയെടുത്ത കവിതയോടുള്ള
പരിഹാസം മാത്രം ബാക്കിയാവുന്നു.

വിഷാദകവിത


വരികളിൽ വിരഹമുണ്ടെന്നു നീയാണ് പറഞ്ഞത്,
വാക്കുകളിൽ വേദന നിറച്ചതും നീയായിരുന്നല്ലോ

വിശകലനം


നിന്റെ വിമർശനശരങ്ങളിലും
നമ്മുടെ വാഗ്വാദങ്ങളിലുമാവാം
വായന ജനിച്ചത്,എഴുത്ത് വളർന്നതും.

പാതിരാവിൽ


ഇത്രയേറെ പ്രകാശത്തോടെ
അതിലേറെ പ്രസന്നതയോടെ
ആരും വിട ചോദിച്ചിരിക്കില്ല.
അതെ, നീ നിലാവായിരുന്നു
ഞാൻ നിന്നിലെ  രാത്രിയും.

പാവക്കൂത്ത്


രഹസ്യങ്ങളുടെ താക്കോൽ
നിനക്ക് സ്വന്തമായപ്പോൾ
ഞാൻ പാവയായ പോലെ,
നിന്റെ വെറും കളിപ്പാവ!

എഴുത്ത്

കടലാസ് വലിച്ചെറിഞ്ഞിട്ടും
പേന  കുത്തിയൊടിച്ചിട്ടും
മനസ്സ്  എഴുതുകയാണ്
നീയത് വായിക്കുകയും.

ഞാനുള്ളത്

നീയെന്നെ ഇരുട്ടിൽ  തിരയാതിരിക്കുക.
വെളിച്ചത്തിനുമപ്പുറം ഞാനുണ്ടാവും.
നിന്റെ അരികിൽ,നിന്റെ ഇരുട്ടിൽ.

അതുവരെ മാത്രം

നീ അല്പനേരം നിശബ്ദ്മായിരിക്കൂ 
നിന്റെ വരികളിൽ സ്വയം നഷ്ടപെട്ട 
എന്നെ ഞാനൊന്ന് ഓർത്തെടുക്കട്ടെ.

അന്നവിടെ...


നീ ആൾകൂട്ടത്തിനു നടുവിലായിരുന്നു,ഞാൻ ഏകാന്തതയുടെയും.

നിന്റെ ജനനം


അജഞാതമായൊരു ഭാഷയിൽ,
അപ്രാപ്യമായ അകലങ്ങളില്ലിരുന്നു
എന്റെ തൂലിക നിനക്ക് ജന്മം നൽകി.

എന്റെ കഥ


എന്റെ കഥകളിൽ ജീവിതമില്ലായിരിക്കാം പക്ഷെ നിന്റെ ജീവിതത്തിൽ ഒരുപാട് കഥകളുണ്ട്,നീ ചമച്ച കെട്ടുകഥകൾ.അതിലൊരു കഥ ഞാനായിരിക്കാം.

നിഘണ്ടു

ഇനിയും അര്‍ത്ഥപൂര്‍ണ്ണത  കൈവന്നിട്ടില്ലാത്ത
ഉച്ചാരണം തെളിയാത്ത വാക്കുകൾകൾക്കൊപ്പം
നിനക്കും എനിക്കും ഉറങ്ങാനൊരു മുറിയുണ്ട്.
                         

മഴ


കണ്‍കോണിൽ പ്രളയം ഒളിപ്പിച്ചു
നമ്മിലേക്ക് ചാറി തുടങ്ങിയവൾ.

വിട

തിരിച്ചു നടക്കാൻ ഇഷ്ടമുണ്ടായിട്ടല്ല,
തനിയെ നടന്ന് ശീലമുള്ളതുകൊണ്ടുമല്ല,
മടക്കമൊരു അനിവാര്യതയായതിനാൽ മാത്രം.

ഭ്രാന്ത്

അന്ന്,ലോകം നിന്നെ നോക്കി ചിരിച്ചു.
ഇന്ന്,നിന്റെ വിഭ്രാന്തിയോളം
എന്റെ ഭ്രാന്ത് വളര്ന്നിരിക്കുന്നു.
ഇനി, നമുക്ക് ലോകത്തെ നോക്കി ചിരിക്കാം.