Friday, 20 November 2020

കുരിശ്

ഒറ്റിയവനെ പോലും 

ചേർത്തു നിർത്തിയവനേ...

നിന്റെ മുതുകിലവന്റെ കത്തിയിറങ്ങിയ 

മുറിവ് തുടയ്ക്കാൻ നീയെന്നെയേല്പിച്ച  

നിന്റെ രക്തം ചിന്തിയ തൂവാലയും,  

എന്റെ കൈത്തലത്തിൽ നീ നിറച്ചുവെച്ച 

നിന്റെ  കണ്ണീരും ചേർത്ത് വെച്ചു

ഞാൻ കാൽവരിയിലേക്ക് പോകുന്നു.

നീയവന്റെ ഏറ്റുപറച്ചിലും ചുമന്ന് കയറുന്നു;

 പിന്നെയും രണ്ടു പേർ ക്രൂശിക്കപ്പെടുന്നു.

ഞാൻ മാത്രം മറവിയിൽ തറയ്ക്കപ്പെടുന്നു.


Tuesday, 28 April 2020

ഉപമ

നീ പൂവാണെന്നും
പൂക്കാലമാണെന്നും
പറഞ്ഞൊരാൾ
നിന്നെ പുല്ലെന്നൊരു
ഉപമയിലേക്ക്
ചേർത്തെഴുതുന്നു,
മണ്ണിൽ മുഖം
ചേർത്തായിരിക്കും
നീയന്നേരം
കരഞ്ഞിരിക്കുക.
നേരം തെറ്റി
പൂത്തുലഞ്ഞ നിന്റെ
കൈകളിലേക്ക്‌ 
നീയാദ്യമായി 
കൺനീട്ടുന്നതും
അന്നായിരിക്കും .
ഒരാളെ തേടി തേടി
നീണ്ടുപോയ
പത്തു ഇളം പച്ചില-
ത്തുമ്പുകൾ,
ഒരാളെ മാത്രം
കാത്തിരുന്നു
തീർന്നു പോകുന്ന
ദിവസങ്ങളുടെ
മടുപ്പിനോളം
പരുപരുത്ത 
കാലുകൾ,
ഒരാളുടെ
അടയാളങ്ങളെ
പരതിപ്പായുന്ന
വേരുകൾ.
കാറ്റ്
നിന്റെ
ഉള്ളാകെ   
ഉലച്ചിട്ടും
നിന്റെ
മുടിക്കെട്ടിൽ 
ഒരു ചില്ലയപ്പോഴും
ഒരു കിളിക്കൂട്
കരുതിവെച്ചിരിക്കും,
നീയപ്പോൾ  നീയൊരു
പക്ഷിയാണെന്ന്
ഓർത്തെടുക്കുകയാകും,
ചിറകുകളുള്ളവൾ
പറക്കുക തന്നെയാകും.