Tuesday 16 December 2014

ആമി : ഒരു സ്വപ്നം.

ഇന്നലെകൾ ആമിയെ
സ്വപ്നം കാണുകയായിരുന്നു.
അരികിലിരുന്നവൾ
അക്ഷരമാവുകയായിരുന്നു.

പുസ്തകങ്ങളിലെന്നെ
പേരെടുത്ത് വിളിക്കുന്നു.
ആദ്യത്തെ താളിലവളുടെ
ആത്മ ചുംബനമേകുന്നു.

കണ്ണുകളിലെക്കിങ്ങനെ
നോക്കാതേ  ആമി,
കാത്തിരിപ്പിന്റെ കടൽ
കുടിച്ചു വറ്റിക്കാതെ...

കഥകൾ തിരഞ്ഞെത്ര
കാതം നടന്നുവെന്നോ?
രാപകലിടമുറിയാതെത്ര
നാൾ വായനയായെന്നോ?

പ്രണയം വെയിൽകായാനിറ-
ങ്ങുന്ന വഴികളിലൂടെയിന്നും,
ഞാൻ ആമിയുടെ വാക്കിൽ
തൂങ്ങി നടക്കാനിറങ്ങാറുണ്ട്.

സ്നേഹം ശരീരത്തെ വിഴുങ്ങാ-
നോരുങ്ങുന്ന നേരങ്ങളിൽ,
ആമി,നിന്റെ വരികളുണ്ണാൻ
മാത്രമെനിക്ക് വിശക്കാറുണ്ട്.

കവിതകളിലേക്ക് ഒരാൾ
കടന്നു വരുമ്പോഴൊക്കെയുo,
കണ്ണീരും കൊള്ളയടിച്ചയാൾ
കടന്നു പോകുമ്പോഴും

നുണഞ്ഞിറക്കുന്ന നോവിന്
നിന്റെ നഷ്ടങ്ങളുടെ രുചിയാണ്
ആമി ,നേരുള്ളവളെ നിഷേധിച്ച
നെറികേടിന്റെ നരച്ച നിറവും.

മരണത്തിന്റെ മുറിയിറങ്ങി
മയക്കത്തിലെന്റെ മറവിയുടെ
മുറിവുകളിൽ മുത്തമിട്ടതിനു
ആമി,മഷി നിറഞ്ഞ നന്ദി മാത്രം.

6 comments:

  1. "നിന്റെ വരികളുണ്ണാൻ മാത്രമെനിക്കു വിശക്കാറുണ്ട് "
    മനോഹരം.. മനോഹരം.. മനോഹരം..

    ReplyDelete
    Replies
    1. നന്ദി..നന്ദി..നന്ദി..

      Delete
  2. മുറിവുകളിൽ മുത്തം.... അതിനൊരു മുത്തം വേറെ തരുന്നു

    ReplyDelete