Thursday 22 May 2014

ഉറക്കം

ഉണരാനല്ല
ഉറങ്ങാനാണ്
നമ്മൾ കിടന്നത്.

അവളെ മണക്കുന്ന
തൂവെള്ള കരയുള്ള
പുതപ്പ് പുതച്ച്.

അവൾ ചുംബിച്ചു
വറ്റിച്ച ചുണ്ടിലെ
ദാഹം ശമിപ്പിക്കാൻ,

വരണ്ടുണങ്ങിയൊരു
ഉടലിന്റെ വർഷമാകാൻ,

അവൾ ചുരുണ്ടു
കൂടിയ നെഞ്ചിലെ
ഓർമ്മച്ചുരുളുകളിൽ
മുഖമമർത്തി കിടന്നു.

പാതിചാരിയയെൻ
മിഴിവാതിലിൽ നിന്നു
നീയപ്പോഴുമവളിലേക്ക്
നോട്ടമെറിയുന്നു.

അവളുടെ നിശ്വാസച്ചൂ-
ടേറ്റ് പിറന്ന താരാട്ടിന്റെ
പാതിയെന്റെ  കാതിലും
നീ നിറയ്ക്കുന്നു.

അവളെയെഴുതി തേഞ്ഞു
പോയ വിരലുകളാലെന്റെ
മുടിക്കടലാസ്സിൽ നീയേറെ
കഥകളെഴുതുന്നു.

വെറുപ്പിന്റെ ഉഷ്ണക്കാറ്റ്
ആഞ്ഞടിക്കുന്നു,
മടുപ്പിന്റെ പുതപ്പ്
വലിച്ചെറിയുന്നു,
ഗതകാല ചുരുളുകൾ
കത്തിത്തീരുന്നു,
വരൾച്ച വിനാശം
വിതയ്ക്കുന്നു,
നീ പൊള്ളിച്ച  കാത്
കൊട്ടിയടയ്ക്കുന്നു,
കണ്ണ് തുറന്നെന്നിലേക്ക്
നോക്കി ഞാനെന്തിനോ
പതിയെ പുലമ്പുന്നു,

നിനക്ക് ഉറങ്ങാം,
എനിക്ക് ഉണരണം.

3 comments:

  1. വേദനയുണ്ട് കവിതയിൽ...സംഗീതവും...എനിക്ക് പൊള്ളി :)

    ReplyDelete
  2. നീ ഹൃദയത്തിൽ തൊട്ടു.. ലേശം നന്നായിത്തന്നെ..

    ReplyDelete