Sunday, 7 February 2016

അരങ്ങൊഴിഞ്ഞ കവിതകൾ



ഞാൻ അവധി ദിനങ്ങളുടെ
ആലസ്യം പൂണ്ട നാഴികകളിൽ
മുടിയഴിചിട്ട് മേഘങ്ങളിലേക്ക്
കണ്ണയക്കുമായിരുന്നു,
മമ മോഹങ്ങളുടെ
മഴ നനയുമായിരുന്നു,
കഥകളെ കാണുന്ന
കണ്ണാടിയാകുമായിരുന്നു,
മുറിയിലെന്നോട് ചേർന്നിരുന്നു
ഗസൽ മൂളുമായിരുന്നു,
ഒരു കോപ്പ കാപ്പി കൊണ്ട്  ചുണ്ടുകളെ
ചുംബിച്ചുണർത്തുമായിരുന്നു,
പൊട്ടു തൊടാതെ കണ്ണെഴുതാതെ ചായ-
മണിയാതെ കവിതയാകുമായിരുന്നു .

ഇന്നിതെത്ര  നാളായിരിക്കുന്നെന്റെ
നേരംപൊക്കുകളീവഴി വന്നിട്ട്!

ആ തെരുവിലെ ചുവരുകളിൽ
ഇരുട്ടിന്റെ ചരിത്രമെഴുതുന്ന പെണ്ണും,
നാണക്കേടിൽ തൂങ്ങിയാടിയ കറുത്ത
സ്വപ്നങ്ങളുമെന്നോട്  ചോദിച്ചിരുന്നു,
നിനക്കെന്റെ ശബ്ദമാകാമോ?

ഞാനുറങ്ങുകയായിരുന്നു തിരക്കുകളുടെ
മടിയിൽ തല ചേർത്ത്,പകലക്ഷരങ്ങളെന്റെ
വാതിലിൽ വന്നെന്നെ വിളിച്ചുണർത്തും വരെ.

ഞാനെന്നും വരികളുറക്കെ ചൊല്ലുമ്പോൾ
ക്ളാസിലേക്കിടക്കിടെ കയറി വരുന്നുണ്ട്,
നേരം തെറ്റിയെത്തുന്ന കുട്ടികളെപ്പോലെ
കണക്കിൽപ്പെടാത്ത ചില ഒറ്റ വാക്കുകൾ.

മഞ്ഞിച്ചുപോയ അടുക്കള മുറിവുകളി-
ലിന്നെന്റെ വാങ്ങ്മയ ചിത്രങ്ങളുണ്ട്.
വാരിച്ചുറ്റുന്ന ആറു മുഴം ചേലയിലങ്ങി-
ങ്ങായെന്റെ ഈരടികൾ കുരുങ്ങിക്കിടപ്പുണ്ട്.

ഇന്നലെയുമെന്റെ കവിത  പരിഭവിച്ച്
അടുക്കള വാതിൽ വഴിയാണ് ഇറങ്ങിപ്പോയത്.



Saturday, 31 October 2015

ശലഭായനം


ഞാൻ വസന്തങ്ങളുടെ 
കാവൽക്കാരിയായിരുന്നു. 
ചില്ലകളിൽ ചേല ചുറ്റിയും ,   
ശലഭായന വീഥികളിൽ 
പൂക്കൾ വിരിച്ചും ,
ഓരോ രോമകൂപത്തിലും   
നിറങ്ങളണിഞ്ഞും നിന്ന
ഋതു ഞാനായിരുന്നു.
. . . . . . . . . . . . . . . . . . . . . . . . . .

നരച്ച ചായക്കൂട്ടുകളാലൊരു 
ചിത്രകാരൻ വരണ്ട മണ്ണിലെന്നെ
വരച്ചടക്കം ചെയ്യും വരെ!

Saturday, 26 September 2015

ഒരമ്മ മുറി വൃത്തിയാക്കുമ്പോൾ സംഭവിക്കുന്നത്...

http://www.a1articles.com/excellent-chinese-artist-yanping-oil-painting-appreciation--mother-and-son-957969.html
കരിപ്പുകകൊണ്ടു കറുത്തുപോയോരമ്മ
മകന്റെ കാമുകിയെ അടുപ്പിലിട്ട്
കത്തിച്ചതെന്തിനായിരിക്കാം?

മുഷിഞ്ഞു പോയൊരു നിറംകെട്ട
ചിത്രം,വിഴുപ്പു ഭാണ്ഡത്തിൽ തിരുകി
പുഴയിലെറിഞ്ഞതെപ്പോഴാണ് ?

മേൽച്ചുവരിലൊട്ടി കിടന്ന ഓർമ്മവലകളെ
കുറ്റിച്ചൂൽ കൊണ്ട് കുത്തിനോവിച്ച്
തൂത്തെറിഞ്ഞതെങ്ങോട്ടാണ് ?

പേനത്തുമ്പിൽ ചുറ്റുപിണഞ്ഞ
മുടിയിഴകളോരോന്നും എണ്ണിയെടുത്ത
ദിവസങ്ങളുടെ കണക്കെത്രയാണ്?

പെണ്ണിന്റെ  മണം പടർത്തുന്ന
പൂപ്പാത്രങ്ങളത്രയും പതിവായി
എറിഞ്ഞുടച്ചതെങ്ങനെയാണ്?

കാമമിറങ്ങിപ്പോയ കണ്ണുകൾക്കിനി
കിടക്കവിരിക്കാനൊരു കുലസ്ത്രീയെ*
അമ്മ കണ്ടെത്തുന്നതെവിടെനിന്നായിരിക്കാം?



(*ജെ.ദേവികയുടെ 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ? എന്ന പുസ്തകം )















Saturday, 2 May 2015

യൂദാസ്, ഞാൻ നിങ്ങളെ പ്രണയിക്കുന്നു

http://www.artsheaven.com/marc-chagall-bride-with-a-fan.html


യൂദാസ്, ഞാൻ നിങ്ങളെ പ്രണയിക്കുന്നു.

മുപ്പതു വർഷങ്ങളുടെ ഏകാന്തതയ്ക്ക്

വേണ്ടിയുറ്റവളെ ഒറ്റുകൊടുത്തവനേ,

അവസാനത്തെ ആലിംഗനത്തെയും

അധരങ്ങളെ അനുഗമിച്ച രാത്രികളെയുമാണ്‌

നീ പ്രേമം കൂകിയുണർത്തും മുൻപേ

മൂന്നു വാക്കുകളിൽ തള്ളിപ്പറഞ്ഞത്.



നിന്റെ നാവെനിക്ക് നീട്ടിയ  ചാട്ടവാർ,

അവരെന്റെ  നെഞ്ചിലേറ്റിയ പൊൻകുരിശ്,

ആയിരം കള്ളങ്ങൾ തറച്ചേറ്റ നുണപ്പാടുകൾ,

ഇടനെഞ്ചിൽ മുറിഞ്ഞ ഓർമ്മഞെരമ്പിലെ

ചതിച്ചോരച്ചൊരിച്ചിലിനൊടുവിൽ  വിളറി

വെളുത്ത " ചുവന്ന " സാരി,

പ്രണയപ്പൂക്കൾ കൊണ്ടു തീർത്ത

കൂർത്ത മുൾക്കിരീടം,

യൂദാസ് , എനിക്ക് വേദനിക്കുന്നു...



എന്റെ പിതാവും പുരുഷനുമെന്നെ

കാത്ത് നിൽക്കുന്നു ,

കൈപിടിച്ചു കൊടുക്കേണ്ട പാപസഞ്ചയവുമാ-

യെന്റെ പീഡിതമാം  ഹൃദയവും.

വഞ്ചന വിരിച്ചിട്ട മറവിക്കിടക്കയിലേക്ക്

ഉയർത്തെഴുന്നേൽപ്പില്ലെന്ന് അറിഞ്ഞു-

ത്തന്നെയെനിക്ക് പോകേണ്ടതുണ്ട്.



യൂദാസ് ഞാനെന്തിനു

നിങ്ങളെ  പ്രണയിക്കണം ?

തുണ




കഥ :
          ഞാനൊരു പുഴയായിരുന്നു
          കൈനീട്ടി പുണരാൻ കരകളും
          കരളേറ്റു വാങ്ങാൻ കടലുമില്ലാ-
          തായപ്പോഴാണ് ഞാൻ തടാകമായത്.

കുട :
          തളരുമ്പോഴാണ് തണലാകേണ്ടത്,
          മഴയോളം പെയ്ത് വെയിലായി
          വളർന്നിട്ടെന്തിന് കുടയുടെ കരുതൽ?

കണ്ണ് :
           കല്ലിനും കടലാസിനുമിടയിൽ കണ്ണുടക്കി,
           കുത്തിക്കുറിച്ചിട്ട പേരുകൾക്ക് നടുവിൽ
           കണ്ണാടിച്ചീളു കൊണ്ട മുറിവ്,
           കണ്ണടയ്ക്കകമത്രയും കറുപ്പ്!

കരിയില :
               പടരാൻ ചില്ലകളുണ്ടായിരുന്നെങ്കിൽ
                ഞാൻ മണ്ണിന്റെ മാറിൽ പറ്റിച്ചേർന്നു,
                മതിലിടത്തോളം മാത്രം
                നടന്ന് മടങ്ങില്ലായിരുന്നു.
                

Saturday, 21 February 2015

പെരുമാൾ മുരുകൻ














പുസ്തകം കാണ്മാനില്ല.പേന ഒളിവിലാണ്,
ഏതു നിമിഷവും വായിക്കപ്പെട്ടേക്കാം!

Wednesday, 4 February 2015

ഉച്ചാടനം



ഞാൻ നെറ്റിയിൽ ചോരപ്പൂ ചൂടുന്നു, 
നീ ഉൾച്ചൂടുള്ള ഉമ്മകൾ കൊണ്ടതിനെ, 
ഉലച്ചു കളയുമെന്ന് കരുതി തന്നെ!

കറുത്ത നാഗങ്ങളെ മുടിക്കെട്ടഴിച്ച് വിടുന്നു,  
നിൻറെ വിരൽവീണയുടെ  താളത്തിലവ
ആടുമെന്നു അറിഞ്ഞു തന്നെ! 

സുഗന്ധം വിരിച്ച് ഞാൻ മനം മറയ്ക്കുന്നു,    
നാസാഗ്രത്തിൽ നിന്നും നിൻ നെഞ്ചിലേക്കുള്ള 
നടപ്പാതയുടെ നീളമളന്നു തന്നെ! 

നാഭിച്ചുഴിയിൽ പ്രേമതീർത്ഥം നിറയ്ക്കുന്നു,
നിന്റെ ദൃഷ്ടി സൂര്യന്റെ താപമേറ്റെന്റെ 
രോമകൂപങ്ങൾക്ക് പൊള്ളുന്നതോർത്തു തന്നെ!

കാൽച്ചിലമ്പിട്ട് ഞാൻ കളം മായ്ക്കുന്നു,
നിന്റെ പദങ്ങളെന്റെ പുറപ്പാടിനെ 
പുലഭ്യം പറയുമെന്നതിനാൽ തന്നെ!

നിറങ്ങളുടുത്തുക്കെട്ടി ഞാൻ കാവ് തേടുന്നു,
ഉറഞ്ഞുത്തുള്ളിയെത്തുമെന്നെ ഉപചാപത്താൽ 
നീ കല്ലിൽ കുടിയിരുത്തുമെന്നുറപ്പിച്ചു തന്നെ!

കടപ്പാട്: 

കൈവെള്ളയിൽ  സുഗന്ധം നിറച്ചു തന്ന സുഹൃത്തിനോട്,
കടുത്ത ചായക്കൂട്ടുകൾ കണ്ണിൽ നിറച്ച നക്ഷത്രത്തോട്,
സൂര്യനെ കടം തന്ന കവിയോട്,
നർത്തകിയെ ദേവിയാക്കിയ ലേഖികയോട്,
ഉറക്കത്തിൽ വിളിച്ചുണർത്തിയ ദ്വീപിന്റെ  കഥാകാരനോട്,
പിന്നെ പിറന്നാളിന് ഒരുമ്മ പോലും ഉണ്ണാതെ പോയ നിന്നോടും.