ഞാൻ അവധി ദിനങ്ങളുടെ
ആലസ്യം പൂണ്ട നാഴികകളിൽ
മുടിയഴിചിട്ട് മേഘങ്ങളിലേക്ക്
കണ്ണയക്കുമായിരുന്നു,
മമ മോഹങ്ങളുടെ
മഴ നനയുമായിരുന്നു,
കഥകളെ കാണുന്ന
കണ്ണാടിയാകുമായിരുന്നു,
മുറിയിലെന്നോട് ചേർന്നിരുന്നു
ഗസൽ മൂളുമായിരുന്നു,
ഒരു കോപ്പ കാപ്പി കൊണ്ട് ചുണ്ടുകളെ
ചുംബിച്ചുണർത്തുമായിരുന്നു,
പൊട്ടു തൊടാതെ കണ്ണെഴുതാതെ ചായ-
മണിയാതെ കവിതയാകുമായിരുന്നു .
ഇന്നിതെത്ര നാളായിരിക്കുന്നെന്റെ
നേരംപൊക്കുകളീവഴി വന്നിട്ട്!
ആ തെരുവിലെ ചുവരുകളിൽ
ഇരുട്ടിന്റെ ചരിത്രമെഴുതുന്ന പെണ്ണും,
നാണക്കേടിൽ തൂങ്ങിയാടിയ കറുത്ത
സ്വപ്നങ്ങളുമെന്നോട് ചോദിച്ചിരുന്നു,
നിനക്കെന്റെ ശബ്ദമാകാമോ?
ഞാനുറങ്ങുകയായിരുന്നു തിരക്കുകളുടെ
മടിയിൽ തല ചേർത്ത്,പകലക്ഷരങ്ങളെന്റെ
വാതിലിൽ വന്നെന്നെ വിളിച്ചുണർത്തും വരെ.
ഞാനെന്നും വരികളുറക്കെ ചൊല്ലുമ്പോൾ
ക്ളാസിലേക്കിടക്കിടെ കയറി വരുന്നുണ്ട്,
നേരം തെറ്റിയെത്തുന്ന കുട്ടികളെപ്പോലെ
കണക്കിൽപ്പെടാത്ത ചില ഒറ്റ വാക്കുകൾ.
മഞ്ഞിച്ചുപോയ അടുക്കള മുറിവുകളി-
ലിന്നെന്റെ വാങ്ങ്മയ ചിത്രങ്ങളുണ്ട്.
വാരിച്ചുറ്റുന്ന ആറു മുഴം ചേലയിലങ്ങി-
ങ്ങായെന്റെ ഈരടികൾ കുരുങ്ങിക്കിടപ്പുണ്ട്.
ഇന്നലെയുമെന്റെ കവിത പരിഭവിച്ച്
അടുക്കള വാതിൽ വഴിയാണ് ഇറങ്ങിപ്പോയത്.
കുടിയിറക്കാതെ
ReplyDeleteനിന്നെ കുടിയിരുത്തിയിട്ടുണ്ട് മനസ്സിൽ
പെണ്ണേ.. :)
നന്ദി സുഹൃത്തേ ;)
ReplyDelete