Saturday, 26 September 2015

ഒരമ്മ മുറി വൃത്തിയാക്കുമ്പോൾ സംഭവിക്കുന്നത്...

http://www.a1articles.com/excellent-chinese-artist-yanping-oil-painting-appreciation--mother-and-son-957969.html
കരിപ്പുകകൊണ്ടു കറുത്തുപോയോരമ്മ
മകന്റെ കാമുകിയെ അടുപ്പിലിട്ട്
കത്തിച്ചതെന്തിനായിരിക്കാം?

മുഷിഞ്ഞു പോയൊരു നിറംകെട്ട
ചിത്രം,വിഴുപ്പു ഭാണ്ഡത്തിൽ തിരുകി
പുഴയിലെറിഞ്ഞതെപ്പോഴാണ് ?

മേൽച്ചുവരിലൊട്ടി കിടന്ന ഓർമ്മവലകളെ
കുറ്റിച്ചൂൽ കൊണ്ട് കുത്തിനോവിച്ച്
തൂത്തെറിഞ്ഞതെങ്ങോട്ടാണ് ?

പേനത്തുമ്പിൽ ചുറ്റുപിണഞ്ഞ
മുടിയിഴകളോരോന്നും എണ്ണിയെടുത്ത
ദിവസങ്ങളുടെ കണക്കെത്രയാണ്?

പെണ്ണിന്റെ  മണം പടർത്തുന്ന
പൂപ്പാത്രങ്ങളത്രയും പതിവായി
എറിഞ്ഞുടച്ചതെങ്ങനെയാണ്?

കാമമിറങ്ങിപ്പോയ കണ്ണുകൾക്കിനി
കിടക്കവിരിക്കാനൊരു കുലസ്ത്രീയെ*
അമ്മ കണ്ടെത്തുന്നതെവിടെനിന്നായിരിക്കാം?



(*ജെ.ദേവികയുടെ 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ? എന്ന പുസ്തകം )















No comments:

Post a Comment