Monday, 12 January 2015

പ്രിയപ്പെട്ട തടവുകാരാ...






പ്രിയപ്പെട്ട തടവുകാരാ,
മനഃച്ചങ്ങലയുടെ കളഞ്ഞു പോയ
താക്കോൽ കണ്ടെടുക്കാനാവാത്തതു
കൊണ്ട് മാത്രം പറയട്ടെ ,
സ്നേഹത്തിന്റെ ഓരോ കണ്ണിയും
വെറുപ്പിനാൽ വലിച്ചു പൊട്ടിക്കുക.
ചോര ചിന്തും,പക്ഷേ പതറരുത്.
ഈ മുറിപ്പാടിൽ നിന്നായിരിക്കാം
നാളെയുടെ വിപ്ലവസ്വപ്നങ്ങൾ
ജനിക്കുന്നത്,ഇന്നലെകളുടെ
പേക്കിനാവിന് പട്ടടയൊരുങ്ങുന്നതും.


പ്രിയപ്പെട്ട തടവുകാരാ,
തർക്കച്ചന്ദ്രൻ ഉറങ്ങും മുൻപേ
നീയുണരുക,വാദപ്രതിവാദങ്ങൾ-
ക്കിടയിൽ ഉറപ്പില്ലാത്തൊരു ചുവരുണ്ട്.
മുന വെച്ച വാക്കു കൊണ്ടും മൂർച്ചയേറിയ
മൗനത്താലും നീ നിഷ്ഠൂരമെന്റെ
ഹൃദയഭിത്തി തുരന്നെടുക്കുക.
ചിതറി വീഴുന്ന ഓർമ്മത്തരികളിൽ
ഒന്നിൽ പോലും തൊട്ടു പോകരുത്.
നിന്റെ ഒരൊറ്റ സ്പർശം മതിയവ-
യോരോന്നും ഒത്തു ചേർന്ന്
ഹൃദയവാതിലടച്ചു കളയും.

പ്രിയപ്പെട്ട തടവുകാരാ,
തുരങ്കത്തിലൂടെ യാത്ര ചെയ്യാൻ
നീയെന്നോടുള്ള പ്രേമഭാരം
മുഴുവനായും ഉപേക്ഷിക്കേണ്ടതുണ്ട്.
നീ നിന്നോളം ചെറിയവനാവുക.
ഇഴഞ്ഞു നിരങ്ങി നീങ്ങവേ
എന്റെ കണ്ണീർച്ചീളുകൾ കൊണ്ട്
നൊന്തെന്നിരിക്കും ,നിർത്തരുത്.
നീ കരയില്ലെന്നെനിക്കറിയാം,
കരുണ വറ്റുമ്പോഴൊക്കെയും
കരച്ചിൽ കടം തന്നതത്രയും
ഞാനായിരുന്നല്ലോ?

പ്രിയപ്പെട്ട തടവുകാരാ,
പ്രണയം വമിക്കുന്ന ഓടയെത്തുമ്പോൾ 
നീയാ വിഷവായു ശ്വസിച്ച് തളരരുത്.
അഴുകിയ ആലിംഗനങ്ങളുടെ 
അവശിഷ്ടങ്ങളിലേക്ക് നോക്കരുത്.
ചവച്ചു തുപ്പിയ ചുംബനച്ചേറിൽ
ചുമ്മാതെ പോലും ചവിട്ടരുത്.
ഒടുക്കം വീട്ടിലേക്കുള്ള വഴി കാണാം.

പ്രിയപ്പെട്ട തടവുകാരാ,
വീട് ചൂണ്ടിക്കാട്ടിത്തരാൻ 
കാവി പുതച്ച കാവലാളുണ്ടാകും.
കണ്ണടച്ചൊപ്പം നടന്നാൽ വിണ്ണിലും 
മണ്ണിലും മോക്ഷം നിശ്ചയമത്രെ!
വലത്തോട്ട് തിരിയരുതവിടെ
കോടികൾ കൊണ്ട് കോടിയുടുത്ത്
കുതുകാൽ വെട്ടേറ്റ് വീണവരുണ്ട്.
ഇടത്ത് വിയർപ്പ് ചുവക്കുന്നുണ്ട്,
ഇവിടെ വെച്ചാണ് മനുഷ്യൻ 
മൂലധനം മറിച്ചു വിറ്റത്.

പ്രിയപ്പെട്ട തടവുകാരാ,
അക്ഷരം ആയുധമാക്കിയവന്
പേനയിലിടമുണ്ട്,പത്രത്തിലോ?
വാസ്തവം വളച്ചൊടിക്കാം 
പക്ഷേ വിമർശനം വരച്ചിടരുത്,
വാളുകൊണ്ടവർ വായിച്ചെടുത്തേക്കാം.
വിളിച്ചു വരുത്തിയ വണ്ടിയിൽ 
വലിച്ചെറിയപ്പെട്ടവളുടെ വേദനയും   
വെടിയൊച്ച നിലയ്ക്കാത്ത വിദ്യാലയ-
ങ്ങളിലെ വിലാപങ്ങളും വാർത്തയിൽ
ചിരിക്കുമ്പോൾ,നീയറിയും 
പ്രാണഭയത്താൽ ജീവൻ 
പതുങ്ങിയിരിക്കുമ്പോഴല്ല,നാം 
പ്രേമഗീതം പാടേണ്ടതെന്ന്,
സൃഷ്ടിക്കായി നമ്മൾ 
സ്വതന്ത്രരാകേണ്ടതുണ്ടെന്ന്.


Tuesday, 16 December 2014

ആമി : ഒരു സ്വപ്നം.

ഇന്നലെകൾ ആമിയെ
സ്വപ്നം കാണുകയായിരുന്നു.
അരികിലിരുന്നവൾ
അക്ഷരമാവുകയായിരുന്നു.

പുസ്തകങ്ങളിലെന്നെ
പേരെടുത്ത് വിളിക്കുന്നു.
ആദ്യത്തെ താളിലവളുടെ
ആത്മ ചുംബനമേകുന്നു.

കണ്ണുകളിലെക്കിങ്ങനെ
നോക്കാതേ  ആമി,
കാത്തിരിപ്പിന്റെ കടൽ
കുടിച്ചു വറ്റിക്കാതെ...

കഥകൾ തിരഞ്ഞെത്ര
കാതം നടന്നുവെന്നോ?
രാപകലിടമുറിയാതെത്ര
നാൾ വായനയായെന്നോ?

പ്രണയം വെയിൽകായാനിറ-
ങ്ങുന്ന വഴികളിലൂടെയിന്നും,
ഞാൻ ആമിയുടെ വാക്കിൽ
തൂങ്ങി നടക്കാനിറങ്ങാറുണ്ട്.

സ്നേഹം ശരീരത്തെ വിഴുങ്ങാ-
നോരുങ്ങുന്ന നേരങ്ങളിൽ,
ആമി,നിന്റെ വരികളുണ്ണാൻ
മാത്രമെനിക്ക് വിശക്കാറുണ്ട്.

കവിതകളിലേക്ക് ഒരാൾ
കടന്നു വരുമ്പോഴൊക്കെയുo,
കണ്ണീരും കൊള്ളയടിച്ചയാൾ
കടന്നു പോകുമ്പോഴും

നുണഞ്ഞിറക്കുന്ന നോവിന്
നിന്റെ നഷ്ടങ്ങളുടെ രുചിയാണ്
ആമി ,നേരുള്ളവളെ നിഷേധിച്ച
നെറികേടിന്റെ നരച്ച നിറവും.

മരണത്തിന്റെ മുറിയിറങ്ങി
മയക്കത്തിലെന്റെ മറവിയുടെ
മുറിവുകളിൽ മുത്തമിട്ടതിനു
ആമി,മഷി നിറഞ്ഞ നന്ദി മാത്രം.

Monday, 1 December 2014

മഞ്ഞുകാൽ

കാലടിയിലൊരു ശിശിരമുണ്ട്.
രേഖകളൊക്കെയും തണുപ്പും
പുതച്ച് സുഷുപ്തിയിലിരുപ്പാണ്.

കാൽവെള്ളയിലൊരാളുടെ
മുഖമുദിക്കുമ്പോഴാണ്
നഖങ്ങളുമ്മച്ചൂടേറ്റുണരുന്നത്.

വിരലുകളിൽ വെയിൽ വീഴുന്നത്,
കാലുകൾ വേനലിലേക്ക്
നടക്കാനിറങ്ങുന്നതും.

Friday, 7 November 2014

ഇ.ശ.

                                                         പെണ്ണൊരു കലാപമാണ്‌.
                                                         കലാപകാരിയല്ല,കലാപം.

Wednesday, 22 October 2014

അവസാനങ്ങൾ ഉണ്ടാകുന്നത്

വികാരക്കുരുക്കിട്ടൊരു
വാക്കിൻത്തുമ്പിൽ
ജീവിതം തൂങ്ങിയാടുമ്പോൾ,

കൈത്തണ്ടയിലെ ചോദ്യങ്ങളെ
മറുപടികൾ മുറിച്ചിടുമ്പോൾ,

ഓർമ്മപ്പാളത്തിൽ തല വെച്ച്
മറവിവണ്ടിക്ക് കാതോർക്കുമ്പോൾ,

വെറുപ്പിന്റെ വിഷം
വിഷാദം നുണഞ്ഞിറക്കുമ്പോൾ,

തിരസ്ക്കാരത്തീയിൽ
സ്നേഹം കത്തിയമരുമ്പോൾ,

കണ്ണീരാഴങ്ങളിലേക്ക്
കഥകൾ കുതിച്ചുചാടുമ്പോൾ,

തിരക്കുള്ളവർ തിരിച്ചെത്തും
തിരിച്ചറിവിൽ തിരി തെളിക്കാൻ,
അപ്പോഴാണ്‌ അവസാനങ്ങളുണ്ടാകുന്നത്.

Monday, 20 October 2014

നാം

മറവിയുടെ ആദ്യക്ഷരങ്ങളാൽ
നീ കുറിച്ചിട്ട ഒറ്റവാക്കാണ് നമ്മൾ,
ഓർമ്മകളിലിടം നഷ്ടപ്പെട്ടവർ.

Monday, 13 October 2014

ചാപല്യം


ചുംബിക്കാതെ തുരുമ്പിച്ചുപ്പോയ
ചുണ്ടുകളുണ്ടയാൾക്ക്,
സ്നേഹിക്കാതെ ചിതലരിച്ചുപ്പോയ
ഹൃദയവും.
അതുകൊണ്ടാവാമവർ
കണ്ടുമുട്ടിയ ശേഷമവളുടെ
ചേതനയറ്റ ചിന്തകളിൽ
ചോര പൊടിഞ്ഞത്,
ചിതറിയ ചിരികൾ
മണ്ണായതും.