Friday, 26 September 2014

കണ്‍കെട്ട്


കണ്‍നിറയെ കടലാണ്,
പീലിക്കെട്ടുകൾക്കിടയിൽ
അന്തിച്ചോപ്പു പടരുന്ന                             
വെളുത്ത ആകാശമുണ്ട്.
ആഴിയിലെ കറുത്ത സൂര്യൻ
രാത്രിയിലാണ് അസ്തമിക്കുക.

ആളൊഴിഞ്ഞ കണ്‍ത്തീരത്ത്,
കാറ്റ് കൊള്ളാനാരുമാരും
കൈപിടിച്ച് വരാറില്ല.
ഓരോരോ തിരകളിലും
നുണകളെണ്ണിയെടുക്കാറില്ല.
കവിത കൊറിച്ചിരിക്കാറുമില്ല.

ഒറ്റപ്പെട്ട ചിലരെത്താറുണ്ട്,
കാലത്തിന്റെ കടൽപ്പാലത്തിൽ
നിന്നും ഒരൊറ്റ നോട്ടം,
മൂന്നാം നാൾ കഥകളായി
കരയ്ക്കടിയുമവർ,
കണ്ണുകളിൽ കടലുള്ളവർ...

Saturday, 20 September 2014

മഴ

നീ പെയ്തു തോർന്നതിൽ പിന്നെ,
മഴയത്രയുമെന്റെ കുടക്കീഴിലായിരുന്നു.

Saturday, 6 September 2014

മാതൃശൂന്യർ

ഹേ ഭീരുവായ മനുഷ്യാ,
മഴ നിങ്ങളെ
മിന്നലാവാൻ വിളിക്കുന്നു.
കര നിങ്ങൾ
കടലാവാൻ കാത്തിരിക്കുന്നു.

ഒറീസ്റ്റീയ :

അമ്പലങ്ങളിലഭയം തേടിയ
ധീരനായ ഒറീസ്റ്റസ്,
നീയാരെയാണ് ഭയക്കുന്നത് ?
അമ്മ  നിനക്കാരായിരുന്നു?

നിഷേധിക്കപ്പെട്ട മാതൃത്വം
നിനക്ക്  നീതി
നേടിത്തന്നുവെങ്കിൽ ,
പിതാവിന്റെ പുത്രാ,
നീ മുലപ്പാൽ ചർദ്ദിക്കുക!
ഗർഭപാത്രത്തിന്റെ ചൂടും
കരുതലും തിരിച്ചേകുക.
മാംസപിണ്ഡമായ് മാറുക.
ജീവകോശത്തോളം ചെറുതാവുക.

പിതാവിന്റെ മറുപാതിയാകാൻ
മാതാവിവിനെ മുറിപ്പെടുത്തുക.
അപ്പോളോയെയും അഥീനയെയും
ആരാധിച്ചാത്മശാന്തി നേടുക !


ഒതപ്പ് :

പള്ളിമേട വിട്ടിറിങ്ങിയ
കാമുകനായ കരീക്കൻ ?
പ്രേമമെന്തെന്നു അറിവുണ്ടോ?
മര്‍ഗലീത്ത നിനക്കാരായിരുന്നു?

ആനന്ദത്തിനപ്പുറമവളുടെ
ആവശ്യങ്ങളെന്തായിരുന്നു?
മനസാക്ഷിയുടെ മണിമേടയിലിരുന്നു
നീയാരോടാണ് യാചിക്കുന്നത്?

വിശുദ്ധനായ അഗസ്റ്റിൻ,
 നീ തോളിലേറ്റി വന്ന
കുഞ്ഞിനവളുടെ മാറിൽ
ചായുമ്പോൾ ഭാരം
കുറയുന്നതെങ്ങനെ?

കനിവും കരുണയുമുള്ളയീ
കണ്ണുകളവളിലെ കവിതയെ
കരിങ്കല്ലായി കരുതിയോ?

പെറ്റമ്മയായും പോറ്റമ്മയായും
പെണ്ണിനെ പൂട്ടിയിട്ട
പ്രലോഭനത്തിന്റെ പിതാക്കന്മാരെ,
അവൾ നിങ്ങൾക്കെതിരെ
ലോകത്തോട് യുദ്ധം ചെയ്യുന്നു.

ഹേ ഭീരുവായ മനുഷ്യാ,
മഴ നിങ്ങളെ
മിന്നലാവാൻ വിളിക്കുന്നു.
കര നിങ്ങൾ
കടലാവാൻ കാത്തിരിക്കുന്നു.


P.S. Inspired from the works Oresteia by Aeschylus and Othappu by Sarah Joseph.








Thursday, 21 August 2014

എന്റെ മരം

എന്റെ വിഷാദം പൂക്കുന്ന
നിന്റെ പകൽച്ചില്ലകൾ.
ഉച്ചവെയിൽ ഉമ്മ വയ്ക്കുന്ന
നോവിന്റെ ഇലച്ചാർത്തുകൾ.
സങ്കടസന്ധ്യകളെ പുണരും
വർണ്ണവിരൽ വേരുകൾ
കണ്ണീരു പെയ്തിറങ്ങുന്ന
കിനാവിന്റെ നിലാമരങ്ങൾ.

Tuesday, 12 August 2014

ദുഃസ്വപ്നം

ഈയിടെയായെന്റെ രാത്രിയുടെ
താഴ്വരയിലേക്ക് യക്ഷികൾ
പനയിറങ്ങി വരാറില്ല.

കൊടുംകാടിന്റെ മുരൾച്ചക-
ളെന്റെ നിലവിളികളെ
ആർത്തിയോടെ വിഴുങ്ങാറില്ല.

അഗാധ ഗർത്തങ്ങളുടെ
നിലയില്ലാ ഇരുട്ടിലേക്ക്
ആരുമാരും തള്ളിയിടാറില്ല.

ഭീകരതയുടെ പടിക്കെട്ടുകൾ
കണ്ട് പകച്ച് നിൽക്കാറില്ല,
നിരന്തരം പതറി വീഴാറില്ല.

നിഴലുകൾ ഒളിച്ചിരിക്കുന്ന
ഇടനാഴിയിലൂടെ ഒറ്റയ്ക്ക്
ഓടിയോടി തളരാറുമില്ല.

വേർപാടിന്റെ വഴികളിൽ
നീയവശേഷിപ്പിച്ചേക്കാവുന്ന
മഹാശൂന്യത മാത്രമാണെന്റെ
സ്വപ്നങ്ങളെ ഭയപ്പെടുത്തുന്നത്.

Wednesday, 6 August 2014

ചരിത്രരേഖകൾ

ഭൂപടത്തിലിടം നേടാതെ പോയ
ചുംബനങ്ങൽ കൊണ്ട്
ഞാനെന്തു ചെയ്യണം?

ചരിത്രത്തിന്റെ ഉള്ളറകളിൽ
നിന്നും നീ മനനം ചെയ്തെ-
ടുത്ത ഗതകാലരേണുക്കൾ.

വർത്തമാന ചീളുകളിൽ
നീയെന്നോ കൊത്തിയിട്ട-
യെൻ കാമ കല്പനകൾ.

കവിയും കാമുകനും
ഭ്രാന്തനെറിഞ്ഞു കൊടുത്ത
കറുപ്പിന്റെ തൃഷ്ണകൾ.

വേരറ്റു പോയേക്കാവുന്നൊരു
പുരാതന പ്രേമത്തെ
പ്രകീർത്തിക്കാനെങ്കിലും,

എന്റെ ആത്മാവിന്റെ ശബ്ദം
നിന്റെ ശരീരത്തിന്റെ ഭാഷയിൽ
സംസാരിക്കേണ്ടിയിരിക്കുന്നു,

ഭൂമിയിൽ നാം നമ്മെ
പരസ്പരം ചുണ്ടുകളാൽ
രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.

Sunday, 6 July 2014

ആത്മഗതം

വേദന വരിക്കുമ്പോൾ
ഞാൻ വാക്കാകുന്നു,
കണ്ണ് നിറയുമ്പോൾ
കണ്ണടയിട്ട കവിതയും.