Saturday, 17 May 2014

ചെംപെണ്ണ്

കുങ്കുമം ചിതറിത്തെറി-
ച്ചൊരു വിഷാദസന്ധ്യ-
യിലാണവൻ വന്നത്,

ചില്ലകൾ ചുംബിക്കുന്ന
ചെമ്മണ്‍ പാതയിലൂടെ...

അക്ഷരങ്ങളിലന്നവൾ
പൂത്തുലഞ്ഞു നിൽക്കു-
ന്നൊരു വാക്കായിരുന്നു.

കാത്തിരിപ്പിന്റെ നിറം
ചുവപ്പായിരുന്നുവോ?

വിപ്ലവത്തിന്റെ വായിൽ
നിന്നുമവനിറ്റിച്ചതത്രയും
ചുടുചോരയായിരുന്നല്ലോ?

വാകയുടെ വേദനയിൽ
വേനൽ ചിരിച്ചുവത്രേ!

ചേലയുടുത്ത് പടിയിറങ്ങി-
യപ്പോഴാണവൾ പെണ്ണായത്.
ചെമ്പട്ടുടുത്ത് മച്ചകത്തിരുന്ന-
പ്പോൾ ദേവിയായിരുന്നല്ലോ?

നിമിഷങ്ങൾക്കകം നിറം
മാറുന്നവൻ ഓന്തായിരിക്കാം.

ചീന്തിയെറിയും വരെ
അവൾ ആരായിരുന്നു?
മുറിവേറ്റ കൈത്തണ്ടയിലി-
പ്പോഴുമുണ്ട് രക്ഷയ്ക്കോ
ബന്ധനത്തിനോ അവൻ
കെട്ടിയ പൊട്ടാത്ത ചരട്.

കണ്ണീരിന് നിറമില്ലത്രേ!
കറുപ്പ് കുത്തിവരച്ചിട്ട
കലങ്ങിയ കണ്ണുകളിൽ
മാത്രമെന്നിട്ടുമെന്തേ
വല്ലാത്തൊരു ചുവപ്പ്,
ചെഞ്ചുവപ്പ് ?



No comments:

Post a Comment