Friday, 21 March 2014

മാമരത്തുണ്ട്

നേർത്തയിളം പച്ച ഞരമ്പിൽ
വരഞ്ഞിട്ടിട്ടുണ്ട് സ്മൃതികൾ.

വാലിട്ടെഴുതിയ ഇലത്തുമ്പിൽ
ഒരു മഴക്കാലം കരുതിയിട്ടുണ്ട്.

വീശിയടുക്കവേ  പൊഴിയണം,
പിന്നെയങ്ങ് പെയ്തൊഴിയണം

നൂറ് ശാഖകളിൽ വസിക്കുന്ന
ഒരായിരം പേരെ പിരിയണം.

പറന്നകന്നവർ മടങ്ങിയെത്തു-
മ്പോഴേക്കും പറന്നിറങ്ങണം.

ഞെട്ടറ്റു വീണൊരു ഹൃദയം
പോൽ ഭൂമിയിൽ പതിക്കണം.

മാനത്തെ കലമ്പലുകളില്ലാതെ
മണ്ണിന്റെ മൗനത്തിലലിയണം.

കൗതുകം നിറഞ്ഞ കണ്ണുകൾ
കണ്ടെടുത്താൽ ഒന്നുറങ്ങണം.

പച്ചപ്പൂറ്റി കുടിയ്ക്കും വെളുത്ത
താളുകൾക്കുള്ളിൽ അന്ത്യവിശ്രമം.

കാലത്തിന്റെ മാമരത്തുണ്ടായി,
കഥകളിലെ ആലിലമുത്തശ്ശിയായ്...










No comments:

Post a Comment