Friday, 24 June 2022

കഫേ

 ശേഷിക്കുന്ന കറുത്തയിഴകളിലേക്ക് 

നരച്ചു കയറുന്നൊരു പ്രേമം.


കാലം വശം തെറ്റിച്ചു പോയിട്ടും 

കെടാതെ കത്തുന്ന ചുവന്ന സിഗ്നൽ,

ചില്ലു ഗ്ലാസിനപ്പുറവുമിപ്പുറവും രണ്ടു പേരാണ്.


ഓർമ്മയിലെ ഒരൊറ്റ ചായയുടെ  പൊള്ളലിൽ 

മേശപ്പുറത്തെ വലതുകൈത്തണുപ്പിലേക്ക് 

വീണു പോകുന്ന നീ.


എത്രയാവർത്തി ശ്രമിച്ചിട്ടുമെനിക്ക് 

ക്രമത്തിൽ നിരത്താനാകുന്നില്ല 

ഒരു ഭൂതകാല ചീട്ടും!


Saturday, 17 April 2021

വെള്ളം

 ഇന്നലെയും വന്നിരുന്നു.

ആ ഒറ്റമുറി വീട്,

പണിതീരാത്ത ജനാലകൾ ,

കടൽ ഭിത്തിയിലേക്ക് തുറക്കുന്നത്.

കരിനീല പുതച്ച തുറമുഖം.

നര വീണൊരു വെളുത്ത പാലം.

നമ്മളാറു പേർ , ഒരിടത്ത്.


വീടുകളായിരുന്നു രാത്രി നിറയെ 

പലകാലങ്ങളിൽ ഇറങ്ങി വന്നതും 

കയറിപ്പറ്റാതെ പോയതും.


കുലത്തെക്കുറിച്ച് ഒരക്ഷരം 

നിങ്ങൾ ചോദിച്ചില്ല,

നോട്ടു പെട്ടിയെക്കുറിച്ചവരും.

അന്തരങ്ങൾ നിർമ്മിക്കപ്പെടുകയാണ്.

നിന്റെ ചായ പോലെ , കടുപ്പത്തിൽ.

Friday, 20 November 2020

കുരിശ്

ഒറ്റിയവനെ പോലും 

ചേർത്തു നിർത്തിയവനേ...

നിന്റെ മുതുകിലവന്റെ കത്തിയിറങ്ങിയ 

മുറിവ് തുടയ്ക്കാൻ നീയെന്നെയേല്പിച്ച  

നിന്റെ രക്തം ചിന്തിയ തൂവാലയും,  

എന്റെ കൈത്തലത്തിൽ നീ നിറച്ചുവെച്ച 

നിന്റെ  കണ്ണീരും ചേർത്ത് വെച്ചു

ഞാൻ കാൽവരിയിലേക്ക് പോകുന്നു.

നീയവന്റെ ഏറ്റുപറച്ചിലും ചുമന്ന് കയറുന്നു;

 പിന്നെയും രണ്ടു പേർ ക്രൂശിക്കപ്പെടുന്നു.

ഞാൻ മാത്രം മറവിയിൽ തറയ്ക്കപ്പെടുന്നു.


Tuesday, 28 April 2020

ഉപമ

നീ പൂവാണെന്നും
പൂക്കാലമാണെന്നും
പറഞ്ഞൊരാൾ
നിന്നെ പുല്ലെന്നൊരു
ഉപമയിലേക്ക്
ചേർത്തെഴുതുന്നു,
മണ്ണിൽ മുഖം
ചേർത്തായിരിക്കും
നീയന്നേരം
കരഞ്ഞിരിക്കുക.
നേരം തെറ്റി
പൂത്തുലഞ്ഞ നിന്റെ
കൈകളിലേക്ക്‌ 
നീയാദ്യമായി 
കൺനീട്ടുന്നതും
അന്നായിരിക്കും .
ഒരാളെ തേടി തേടി
നീണ്ടുപോയ
പത്തു ഇളം പച്ചില-
ത്തുമ്പുകൾ,
ഒരാളെ മാത്രം
കാത്തിരുന്നു
തീർന്നു പോകുന്ന
ദിവസങ്ങളുടെ
മടുപ്പിനോളം
പരുപരുത്ത 
കാലുകൾ,
ഒരാളുടെ
അടയാളങ്ങളെ
പരതിപ്പായുന്ന
വേരുകൾ.
കാറ്റ്
നിന്റെ
ഉള്ളാകെ   
ഉലച്ചിട്ടും
നിന്റെ
മുടിക്കെട്ടിൽ 
ഒരു ചില്ലയപ്പോഴും
ഒരു കിളിക്കൂട്
കരുതിവെച്ചിരിക്കും,
നീയപ്പോൾ  നീയൊരു
പക്ഷിയാണെന്ന്
ഓർത്തെടുക്കുകയാകും,
ചിറകുകളുള്ളവൾ
പറക്കുക തന്നെയാകും.


Sunday, 10 November 2019

ചുവപ്പൂറ്റുന്നോർ

അയക്കാത്തത് കൊണ്ട് മാത്രം
ഡ്രാഫ്റ്റിലിട്ട മെയിലുകളുണ്ടല്ലോ
അതപ്പടി ഒരു ഞാനാണ് .

കണ്ണിൽപ്പെടാനിടയില്ലാത്ത
നനവ് പറ്റിയ കീബോർഡ്,

ഓരോ കരച്ചിലിന്റെ അറ്റത്തും
തൂങ്ങിയാടുന്ന കവിതകൾ,

ഇടറിയതിനു ശേഷം
ഉള്ളില്കപ്പെട്ടു പോയ മറുപടികൾ,

മൂളലുകൾക്കും മുരൾച്ചകൾക്കു-
മിടയിൽ കെട്ടുപിണഞ്ഞ ഹെഡ്ഫോൺ,

ഇനിയും ഉടുക്കാത്തൊരോർമ്മയിൽ
നീലിച്ചു പോയ രണ്ട് സാരികൾ,
അലമാരയുടെ മുകൾത്തട്ടിലുള്ളത്.

പേര് മാത്രം പരതിയെത്തുന്ന
പുസ്തകങ്ങൾ , ബാഗുകൾ
പൊലിപ്പിച്ച പിൻവിളികൾ.

ഇരുട്ടതിന്റെ ഇരയെ
തേടാത്തൊരു ദിവസം
നുരഞ്ഞു പൊന്തിയ ഗ്ലാസ്സുകളിൽ
ചോര കനക്കുമ്പോൾ
നീയറിയാൻ വഴിയില്ല,
ഞാനുണ്ടല്ലോ, ഞാനുണ്ടായിരുന്നു.






Tuesday, 23 July 2019

ചായക്കൂട്ട്


ആവി പാറുന്ന
സമോവറിന്റെ
പുറകിലൂടെത്തുന്ന
നിന്റെ നീണ്ട  നോട്ടം
കൊണ്ടവസാനിക്കുന്ന
രാത്രികളിൽ മാത്രം
തല മൂടി ഉറങ്ങുകയും
പുലർച്ചെ നീയുറങ്ങും
മുൻപേ ചുവന്നയുടുപ്പിട്ട്
വെയിലും തേടി പോകുന്ന
അവളുണ്ടല്ലോ ,
ആൾത്തിരക്കുള്ള
വരാന്തകളിൽ
ചുമരാകുന്നവൾ.
ഒരു തീന്മേശയുടെയറ്റത്തും
നീയില്ലെന്നു സങ്കല്പിച്ചു
കണ്ണടച്ചുണ്ണുന്നവൾ.
ഇടയ്ക്കിടെ  
ഊതികുടിക്കുന്ന
ഒരൊറ്റ ചായ പോലും
പകരാതെ
ഒരേ മരത്തണലിലെന്നും
വെയിലാറി വീഴുന്ന
നിന്റെ ഇടനേരങ്ങളുടെ
നിർവചനവുമവളാകാം.

Sunday, 30 June 2019

വെള്ളം തൊടാതെ ഓർമ്മിക്കേണ്ടത്...

ദൂരങ്ങളത്രയുമൊരു തീവണ്ടി
പാളത്തിന്റെ അറ്റത്താണെന്നും
ഒന്നിച്ചു നടക്കുവോളം
നാമൊരു വീടാണെന്നും
വിലാസമില്ലാത്തൊരു കത്തിൽ
നീ പറഞ്ഞിരുന്നല്ലോ!





https://www.saatchiart.com/paintings/train?page=3&hitsPerPage=100