Friday 24 February 2017

പേരിറങ്ങിപ്പോവുമ്പോൾ...


                             http://www.indianartbuyers.com/art-work.php?id=856

പേരിറങ്ങിപ്പോവുമ്പോൾ വറ്റുന്ന
സ്നേഹത്തിന്റെ ഉറവകളെക്കുറിച്ചാണ്...

കുമ്പസാരിക്കാനൊരു കവിത
പോലുമില്ലാതെ വെറുതെയിരിക്കുമ്പോൾ,

ആകാശം നിറയെ
നാം നഗരം കീഴടക്കിയ രാത്രികളാണ്.

ബുദ്ധന്റെ കണ്ണിലേക്കെറിഞ്ഞു
തീർത്ത കല്ലുവെച്ച നുണകൾ,

ഒരു ജലാശയത്തിന്റെ അറ്റത്തേക്ക്
നിഴൽ പോലെ നീണ്ട അടക്കം പറച്ചിലുകൾ,

തീവണ്ടിക്കാറ്റേറ്റ് തണുത്ത
ചില കാപ്പിച്ചിരികൾ,

ഒഴിഞ്ഞ പീലികളിൽ
നീട്ടിയെഴുതിയ കണ്ണെഴുത്തുകൾ,

വാടാനിഷ്ടമില്ലാത്തയെന്റെ
നെറ്റിയിലെ ചുവന്ന ചെമ്പരത്തി,

മുടിക്കെട്ടുലയും വരെ
കണ്ണടച്ച നാലു ചുവരുകൾ,

ഒരു കെട്ടുകഥയുടെ വിശുദ്ധബലിക്ക്
കാവൽ നിന്ന കൽപ്രതിമകൾ,

തിരക്കിട്ട് തിരിച്ചു നടക്കുന്ന
പഴയ രാമുറിയാകെ മതിലുകൾ,
പ്രിയമുള്ളൊരു പേരിറങ്ങിപ്പോയ
അവസാനമില്ലാത്ത വഴിയുടെയറ്റത്തും
വേലിപ്പടർപ്പുകൾ, കാലം!