Thursday 21 August 2014

എന്റെ മരം

എന്റെ വിഷാദം പൂക്കുന്ന
നിന്റെ പകൽച്ചില്ലകൾ.
ഉച്ചവെയിൽ ഉമ്മ വയ്ക്കുന്ന
നോവിന്റെ ഇലച്ചാർത്തുകൾ.
സങ്കടസന്ധ്യകളെ പുണരും
വർണ്ണവിരൽ വേരുകൾ
കണ്ണീരു പെയ്തിറങ്ങുന്ന
കിനാവിന്റെ നിലാമരങ്ങൾ.

Tuesday 12 August 2014

ദുഃസ്വപ്നം

ഈയിടെയായെന്റെ രാത്രിയുടെ
താഴ്വരയിലേക്ക് യക്ഷികൾ
പനയിറങ്ങി വരാറില്ല.

കൊടുംകാടിന്റെ മുരൾച്ചക-
ളെന്റെ നിലവിളികളെ
ആർത്തിയോടെ വിഴുങ്ങാറില്ല.

അഗാധ ഗർത്തങ്ങളുടെ
നിലയില്ലാ ഇരുട്ടിലേക്ക്
ആരുമാരും തള്ളിയിടാറില്ല.

ഭീകരതയുടെ പടിക്കെട്ടുകൾ
കണ്ട് പകച്ച് നിൽക്കാറില്ല,
നിരന്തരം പതറി വീഴാറില്ല.

നിഴലുകൾ ഒളിച്ചിരിക്കുന്ന
ഇടനാഴിയിലൂടെ ഒറ്റയ്ക്ക്
ഓടിയോടി തളരാറുമില്ല.

വേർപാടിന്റെ വഴികളിൽ
നീയവശേഷിപ്പിച്ചേക്കാവുന്ന
മഹാശൂന്യത മാത്രമാണെന്റെ
സ്വപ്നങ്ങളെ ഭയപ്പെടുത്തുന്നത്.

Wednesday 6 August 2014

ചരിത്രരേഖകൾ

ഭൂപടത്തിലിടം നേടാതെ പോയ
ചുംബനങ്ങൽ കൊണ്ട്
ഞാനെന്തു ചെയ്യണം?

ചരിത്രത്തിന്റെ ഉള്ളറകളിൽ
നിന്നും നീ മനനം ചെയ്തെ-
ടുത്ത ഗതകാലരേണുക്കൾ.

വർത്തമാന ചീളുകളിൽ
നീയെന്നോ കൊത്തിയിട്ട-
യെൻ കാമ കല്പനകൾ.

കവിയും കാമുകനും
ഭ്രാന്തനെറിഞ്ഞു കൊടുത്ത
കറുപ്പിന്റെ തൃഷ്ണകൾ.

വേരറ്റു പോയേക്കാവുന്നൊരു
പുരാതന പ്രേമത്തെ
പ്രകീർത്തിക്കാനെങ്കിലും,

എന്റെ ആത്മാവിന്റെ ശബ്ദം
നിന്റെ ശരീരത്തിന്റെ ഭാഷയിൽ
സംസാരിക്കേണ്ടിയിരിക്കുന്നു,

ഭൂമിയിൽ നാം നമ്മെ
പരസ്പരം ചുണ്ടുകളാൽ
രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.