Friday 21 March 2014

മാമരത്തുണ്ട്

നേർത്തയിളം പച്ച ഞരമ്പിൽ
വരഞ്ഞിട്ടിട്ടുണ്ട് സ്മൃതികൾ.

വാലിട്ടെഴുതിയ ഇലത്തുമ്പിൽ
ഒരു മഴക്കാലം കരുതിയിട്ടുണ്ട്.

വീശിയടുക്കവേ  പൊഴിയണം,
പിന്നെയങ്ങ് പെയ്തൊഴിയണം

നൂറ് ശാഖകളിൽ വസിക്കുന്ന
ഒരായിരം പേരെ പിരിയണം.

പറന്നകന്നവർ മടങ്ങിയെത്തു-
മ്പോഴേക്കും പറന്നിറങ്ങണം.

ഞെട്ടറ്റു വീണൊരു ഹൃദയം
പോൽ ഭൂമിയിൽ പതിക്കണം.

മാനത്തെ കലമ്പലുകളില്ലാതെ
മണ്ണിന്റെ മൗനത്തിലലിയണം.

കൗതുകം നിറഞ്ഞ കണ്ണുകൾ
കണ്ടെടുത്താൽ ഒന്നുറങ്ങണം.

പച്ചപ്പൂറ്റി കുടിയ്ക്കും വെളുത്ത
താളുകൾക്കുള്ളിൽ അന്ത്യവിശ്രമം.

കാലത്തിന്റെ മാമരത്തുണ്ടായി,
കഥകളിലെ ആലിലമുത്തശ്ശിയായ്...










Sunday 16 March 2014

മഞ്ഞവെയിൽ

https://twitter.com/neeitz/status/444769642758692866
മഞ്ഞവെയിൽ വാടിത്തളർന്ന
വൈകുന്നേരങ്ങളിൽ വാക്കിന്‍റെ
വരവും കാത്തിരിക്കയാണൊരാൾ.

വർഷങ്ങളുടെ വഴിമരങ്ങൾ
താണ്ടിയവൾ വരുമ്പോൾ,
സ്വപ്നത്തീരത്തിലൂടെയേറെ
ദൂരമൊപ്പം നടക്കണം.
ഓർമ്മത്തണലിൽ ഒന്നിച്ചിരിക്കണം.

രാപ്പകലുകൾക്കിടയിൽ ഒളിപ്പിച്ച
കവിതകളിലെ വരികളത്രയും
വർണ്ണങ്ങൾ അസ്തമിക്കും
മുൻപേ വായിച്ചെടുക്കണം.

Wednesday 12 March 2014

മേഘരൂപൻ

മനസ്സിൽ  മഴവില്ല് വരച്ചിട്ടൊരാളാണ്
മിഴികളിൽ മഴയെഴുതിത്തന്നതും. 

Sunday 2 March 2014

പാർപ്പിടം

പ്രണയാന്ധത ബാധിക്കാത്ത
കാമക്കറ പുരളാത്ത
രണ്ടാത്മാക്കൾ.

സൗഹൃദം വരച്ച വരയോളം
നടന്ന് മനം മടുത്തു
മടങ്ങി വരുന്നു.

ഞാൻ സ്ത്രീയും നീ പുരുഷനു-
മായിരിക്കുവോളം നമുക്ക്
പാർക്കാനിടമില്ല.

സ്നേഹത്തിന്റെ പേരിലല്ല,
സദാചാര പ്രേമികൾക്കായി
നമ്മൾ പിരിയേണ്ടതുണ്ട്.

നീ നിന്റെ ആണ്‍സുഹൃത്തിനെ
തിരയുക,ഞാനെന്റെ പെണ്‍-
സുഹൃത്തിനെയും.

ഞാനുമവളും അകത്തളത്തിലും
നീയുമവനും ഉമ്മറത്തിരുന്നും
ജീവിതം പറയും.

വഴയാത്രക്കാരൊക്കേയും നമ്മെ
നോക്കി കുശലമന്വേഷിച്ച്
കടന്ന് പോകും.

നമ്മളകത്ത് കയറിയൊരിക്കൽ
വാതിലടച്ചാൽ,കതകിൽ
ഒരു മുട്ട് കേൾക്കാം .

ഞാനവളെയും നീയവനെയും
ചുംബിച്ചുണർത്തും മുൻപേ
നാം കുറ്റവാളികളാകും.

ഞങ്ങൾ  സ്ത്രീകളും നിങ്ങൾ
പുരുഷൻമാരുമായിരിക്കേ,
നമുക്ക് പാർക്കാനിടമില്ല.

ഞാൻ നിന്റെ അടിമയാവാം
നീയെന്റെ ഉടമയും,ഒരേയൊരു
ഒപ്പുകൊണ്ട് ഒന്നാകാം.

ഒന്നിച്ചുറങ്ങാൻ ഒരു കൂട പൊന്നു
തരാം,നീയൊരു തരി പൊന്നിൽ
തീർത്തൊരു താലിയും.

നീയെന്റെ പുരുഷനും ഞാൻ
നിന്റെ സ്ത്രീയുമായിരിക്കേ,
നമുക്ക് പാർക്കാനിടമുണ്ട്.